പരാമർശം ആരെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും വിവാദം നീട്ടിക്കൊണ്ട് പോവാൻ ആഗ്രഹിക്കുന്നില്ലെന്നും ജിതേന്ദ്ര അവാദ് പറഞ്ഞു.
മുബൈ: ശ്രീരാമൻ മാംസാഹാരിയായിരുന്നെന്ന പരാമർശം വിവാദമായതോടെ മഹാരാഷ്ട്രയിലെ എൻസിപി നേതാവ് ജിതേന്ദ്ര അവാദ് ഖേദം പ്രകടിപ്പിച്ചു. പരാമർശത്തിനെതിരെ ബിജെപി പരാതി നൽകുകയും പ്രതിഷേധിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഖേദപ്രകടനം. എന്നാൽ, പരാമർശം തിരുത്താൻ അദ്ദേഹം തയ്യാറായില്ല. എൻസിപി ശരദ് പവാർ പക്ഷത്തെ എംഎൽഎയും മുൻ മന്ത്രിയുമാണ് ജിതേന്ദ്ര അവാദ്. മഹാരാഷ്ട്രയിൽ ശിർദ്ദിൽ ഇന്നലെയാണ് ഈ വിവാദ പരാമർശം നടത്തിയത്.
രാമൻ ബഹുജനത്തിന്‍റെയാണ്. വേട്ടയാടി ഭക്ഷിച്ച് കഴിഞ്ഞയാളാണ്. 14 വർഷം വനത്തിൽ കഴിഞ്ഞയാൾ എങ്ങനെ സസ്യഹാരി മാത്രമാവും?. രാമനെ പിന്തുടർന്നാണ് മാംസാഹാരം കഴിക്കുന്നതെന്നും ജിതേന്ദ്ര അവാദ് പറഞ്ഞു. അയോധ്യയിടെ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് മഹാരാഷ്ട്രയിൽ രണ്ട് ദിനം മദ്യവും മാംസവും നിരോധിക്കണമെന്ന് ബിജെപി നേതാവ് റാം കദത്തിന്‍റെ ആവശ്യത്തോടുള്ള പ്രതികരണമായിരുന്നു ഇത്. പിന്നാലെ വിവിധയിടങ്ങളിൽ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി.പുനെയിൽ ബിജെപി പ്രവർത്തകർ ജിതേന്ദ്ര അവാദിന്‍റെ കോലവുമായി പ്രതിഷേധിച്ചു.
വോട്ട് ലക്ഷ്യമിട്ടുള്ള പരാമർശമാണ് അവാദ് നടത്തിയതെന്ന് ബിജെപി നേതാവ് റാം കദം പറഞ്ഞു. ശ്രീരാമ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മുംബൈ പൊലീസിൽ പരാതിയും നൽകി. പിന്നാലെയാണ് ഖേദ പ്രകടനവുമായി അവാദ് രംഗത്തെത്തിയത്. പരാമർശം ആരെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു. വിവാദം നീട്ടിക്കൊണ്ട് പോവാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ താൻ പഠിക്കാതെ ഒന്നും പറയാറില്ല. അയോധ്യകാണ്ഡത്തിലെ ശ്ലോകം വായിച്ച് നോക്കണമെന്നും അദ്ദേഹം പറഞ്ഞു.

