Asianet News MalayalamAsianet News Malayalam

'സ്ത്രീകളെ അപമാനിക്കുന്ന തീരുമാനം,ഒരു വനിതപോലു മന്ത്രിയായില്ല',മഹാരാഷ്ട്ര മന്ത്രിസഭക്കെതിരെ സുപ്രിയ സുലെ

ഒരു വനിതാ എം എൽ എയെ പോലും മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തത് സ്ത്രീകളോടുള്ള അവഹേളനം ആണെന്ന് എൻ സി പി നേതാവ് സുപ്രിയ സുലെ പറഞ്ഞു

ncp leader supriya sule against maharashtra cabinet
Author
Mumbai, First Published Aug 10, 2022, 8:56 AM IST

മുംബൈ : മഹാരാഷ്ട്ര മന്ത്രിസഭാ വികസനത്തിൽ വിമർശനം ഉന്നയിച്ച് എൻ സി പി നേതാവ് സുപ്രിയ സുലെ. സ്ത്രീകളെ അപമാനിക്കുന്ന തീരുമാനം ആണ് ഉണ്ടായത്. ഒരു വനിതാ എം എൽ എയെ പോലും മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തത് സ്ത്രീകളോടുള്ള അവഹേളനം ആണെന്ന് എൻ സി പി നേതാവ് സുപ്രിയ സുലെ പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനം അറിയില്ലെങ്കിൽ വീട്ടിൽ പോയി പാചകം ചെയ്യാൻ തന്നോട് ആവശ്യപ്പെട്ട ബി ജെ പി സംസ്ഥാന അധ്യക്ഷനും മന്ത്രിസഭയിൽ ഇടം നൽകിയതാണ് പുതിയ സർക്കാറിന്റെ നയമെന്നും എൻ സി പി നേതാവ് സുപ്രിയ സുലെ പറ‍ഞ്ഞു

തുടക്കത്തിലേ കല്ലുകടി; വിവാദ നേതാവിനെ മന്ത്രിയാക്കിയ ഏക്നാഥ് ഷിൻഡെയുടെ തീരുമാനത്തിൽ ബിജെപിക്ക് അതൃപ്തി

മഹാരാഷ്ട്ര മന്ത്രിസഭാ വികസനത്തിൽ തുടക്കത്തിലേ കല്ലുകടി.  ടിക് ടോക് താരത്തിന്റെ ആത്മഹത്യക്ക് കാരണമായെന്ന ആരോപണം നേരിടുന്ന വിമത ശിവസേന നേതാവ് സഞ്ജയ് റാത്തോഡിനെ മന്ത്രിസഭയിലുൾപ്പെടുത്തിയതിനെതിരെ ബിജെപി രം​ഗത്തെത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ചിത്ര വാഗാണ് മുഖ്യമന്ത്രി ഏക്നാഥ്  ഷിൻഡെയുടെ തീരുമാനത്തിനെതിരെ രം​ഗത്തെത്തിയത്. പ്രതിപക്ഷ നേതാവായിരിക്കെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് സഞ്ജയ് റാത്തോഡിനെതിരെ ശക്തമായി രം​ഗത്തെത്തിയിരുന്നു. ഉദ്ധവ് താക്കറെ മന്ത്രിസഭയിൽ വനം മന്ത്രിയായിരുന്ന റാത്തോഡിന് കേസിനെ തുടർന്ന് രാജിവെക്കേണ്ടി വന്നിരുന്നു.

മുൻ സർക്കാരിന്റെ കാലത്ത് അന്വേഷിച്ച കേസാണെന്നും പൊലീസ് ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ടെന്നും ഏക്നാഥ് ഷിൻഡെ പറഞ്ഞു. റാത്തോ‍ഡിനെ മന്ത്രിയാക്കിയതിൽ എതിർപ്പുള്ളവരോട് സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയുടെ മകൾ പൂജ ചവാന്റെ മരണത്തിന് കാരണക്കാരനായ സഞ്ജയ് റാത്തോഡിന് വീണ്ടും മന്ത്രി സ്ഥാനം നൽകിയത് വളരെ നിർഭാഗ്യകരമാണെന്നായിരുന്നു വാഗിന്റെ ട്വീറ്റ്. 

സഞ്ജയ് റാത്തോഡിനെതിരെ മറ്റൊരു ബിജെപി നേതാവ് കിരിത് സോമയ്യ മുമ്പ് നടത്തിയ പരാമർശവും വൈറലായി. പെൺകുട്ടിയുടെ മരണം കൊലപാതകമാണെന്നായിരുന്നു കിരിത് സോമയ്യ പറഞ്ഞത്. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ സോമയ്യ ഇന്ന് പ്രതികരിച്ചിട്ടില്ല. യവത്മാലിലെ ദിഗ്രാസ് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ് സഞ്ജയ് റാത്തോഡ്. ടിക് ടോക്കിലൂടെ പ്രശസ്തയായ യുവതിയുമായി ഇയാൾക്ക് യുവതിയുമായി ബന്ധമുണ്ടായിരുന്നെന്നും അതാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമായിരുന്നു ആരോപണം. എന്നാൽ, കേസെടുത്ത പൊലീസ് അദ്ദേഹത്തെ കുറ്റ വിമുക്തനാക്കിയിരുന്നു.

ഔദ്യോ​ഗിക ശിവസേനക്കെതിരെ ഷിൻഡെ ടീമിനൊപ്പം അണിനിരന്ന പ്രധാന നേതാവാണ് സഞ്ജയ് റാത്തോഡ്. ബിജെപി എതിർക്കുമെന്നതിനാൽ ഇദ്ദേഹത്തെ കാബിനറ്റിൽ ഉൾപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. എന്നാൽ, പൊലീസിന്റെ ക്ലീൻ ചിറ്റ് ഉപയോ​ഗിച്ചാണ് വിശ്വസ്തനെ ഷിൻഡെ ഒപ്പം നിർത്തിയത്. ചൊവ്വാഴ്ചയാണ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള 18 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത്. 

Follow Us:
Download App:
  • android
  • ios