ദില്ലിയിലെ സ്വകാര്യ വിദ്യാലയത്തിലെ എട്ടാം ക്ലാസുകാരനാണ് അവധി കിട്ടാനായി വളഞ്ഞ വഴി തെരഞ്ഞെടുത്ത് കുടുങ്ങിയത്.
ദില്ലി: രാജ്യ തലസ്ഥാനത്തെ പ്രമുഖ സ്കൂളുകളിലേക്ക് വ്യാജ ബോംബ് ഭീഷണി അയച്ചയാളെ പിടികൂടി പൊലീസ്. ദില്ലിയിലെ സെന്റ് തോമസ് സ്കൂളിലേക്കും സെന്റ് സ്റ്റീഫൻസ് കോളേജിലേക്കും ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്. സംഭവത്തിന് പിന്നിൽ അവധി ലഭിക്കാൻ വേണ്ടിയുള്ള 12 വയസുകാരന്റെ ഐഡിയ ആണെന്നാണ് പൊലീസ് വിശദമാക്കിയത്. ദക്ഷിണ ദില്ലി സ്വദേശിയായ 12കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചൊവ്വാഴ്ച രാവിലെ മുതലാണ് ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ച് തുടങ്ങിയത്.
ദില്ലിയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് വ്യാജ ബോംബ് ഭീഷണിക്ക് പിന്നിൽ. വിദ്യാർത്ഥിയെ പൊലീസ് മുന്നറിയിപ്പ് നൽകി വിട്ടയച്ചത്. അവധി ലഭിക്കാൻ വേണ്ടി ആദ്യം തോന്നിയ സ്കൂളുകളുടെ പേരുകൾ ലക്ഷ്യമിട്ടെന്നാണ് 12 വയസുകാരൻ വിശദമാക്കുന്നത്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. രാവിലെ 8 മണി മുതലാണ് ഭീഷണി സന്ദേശം ലഭിച്ച് തുടങ്ങിയത്. തിങ്കളാഴ്ചയും ബുധനാഴ്ചയും സമാനമായ സന്ദേശം പല സ്കൂളുകൾക്കും ലഭിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇവ രണ്ടും മറ്റാരോ ചെയ്തതാണെന്നാണ് സംശയിക്കപ്പെടുന്നത്. കഴിഞ്ഞ മെയ് മാസം മുതൽ രാജ്യ തലസ്ഥാനത്തെ സ്കൂളുകളിലേക്ക് ഇത്തരത്തിലുള്ള നിരവധി ഭീഷണി സന്ദേശങ്ങൾ വ്യാപകമായി ലഭിച്ച് തുടങ്ങിയത്. മെയ് മാസത്തിൽ മാത്രം 200 ഓളം സ്കൂളുകൾക്കാണ് അവരുടെ ഔദ്യോഗിക ഇമെയിലുകളിൽ ബോംബ് ഭീഷണി ലഭിച്ചത്.
