തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ റെക്കോർഡുകൾ ഭേദിച്ച് ലഡ്ഡു വിൽപന. മെയ് മാസം 1.2 കോടിയിലധികം ലഡ്ഡു വിറ്റഴിച്ചതായി തിരുപ്പതി തിരുമല ദേവസ്ഥാനം വാർത്താക്കുറിപ്പിൽ അറിയിച്ചു. മുൻ വർഷം ഇതേ മാസത്തെ റെക്കോർഡ് ആണ് തകർത്തത്. 

തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡു വിൽപനയിൽ പുതിയ റെക്കോർഡ്. മെയ് മാസം 1.2 കോടിയിലധികം ലഡ്ഡു വിറ്റഴിച്ചു. ഏറ്റവും ഉയർന്ന പ്രതിമാസ വിൽപനയാണിത്. 2025 മെയ് മാസത്തിൽ നടന്ന റെക്കോർഡ് ലഡ്ഡു വിൽപനയാണ് ഇക്കുറി മറികടന്നത്. കഴിഞ്ഞ വർഷം മെയ് മാസം 1.1 കോടി ലഡ്ഡുവും 2024 മെയ് മാസം 1.01 കോടി ലഡ്ഡുവുമാണ് വിറ്റുപോയിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇക്കഴിഞ്ഞ മെയ് മാസം 1,21,35,528 ലഡ്ഡു വിറ്റുപോയതായി ക്ഷേത്ര നടത്തിപ്പുകാരായ തിരുപ്പതി തിരുമല ദേവസ്ഥാനം അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ഇതേ മാസത്തെ വിൽപനയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വർധനവാണിത്. 2024-ൽ 1.01 കോടിയും 2025-ൽ 1.1 കോടിയുമായിരുന്നു വിൽപനയെങ്കിൽ, ഈ മെയ് മാസത്തിൽ ഇത് 1,21,35,528 ആ ഉയർന്നു. വിൽപനയിൽ പ്രതിവർഷം വലിയ വർധനവുണ്ടാകുന്നു എന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നുവെന്നും അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡുവിന് ആവശ്യക്കാരേറിയതോടെ അധികൃതർ ലഡ്ഡു ഉൽപാദനം കൂട്ടിയിട്ടുണ്ട്. പ്രതിദിനം നാല് ലക്ഷത്തിലധികം ലഡ്ഡുവാണ് തയ്യാറാക്കുന്നത്. ഇതിനായി 68 ടൺ സാമഗ്രികൾ ആവശ്യമുണ്ട്. ഇതിൽ 32 ടൺ പഞ്ചസാര, 16 ടൺ കടലമാവ്, 16 ടൺ നെയ്യ്, 3.5 ടൺ കശുവണ്ടി, രണ്ട് ടൺ ഉണക്കമുന്തിരി, 400 കിലോഗ്രാം ഏലക്ക, 800 കിലോഗ്രാം കൽക്കണ്ടം എന്നിവയാണ് ഉൾപ്പെടുന്നത്.

ഒരു ലഡ്ഡു തയ്യാറാക്കാൻ 78 ഗ്രാം പഞ്ചസാര, 39 ഗ്രാം പരിപ്പ്, 36 ഗ്രാം നെയ്യ്, ഏഴ് ഗ്രാം കശുവണ്ടി, മൂന്ന് ഗ്രാം ഉണക്കമുന്തിരി തുടങ്ങിയവ ഉൾപ്പെടെ 170 ഗ്രാം സാമഗ്രികളാണ് വേണ്ടത്. ക്ഷേത്രത്തിലാകെ 56 ലഡ്ഡു കൗണ്ടറുകളാണ് സജ്ജമാക്കിയിരിക്കുന്നത്.