Asianet News MalayalamAsianet News Malayalam

'സുഖമായി ഉറങ്ങാന്‍ ഡോക്ടർ എ.സി ഓണാക്കി'; തണുത്തുറഞ്ഞ് മരിച്ചത് രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍, ഹൃദയതകർന്ന് കുടുംബം

നവജാത ശിശുക്കളായതിനാല്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം ചികിത്സക്കായി ക്ലിനിക്കിലെ ഫോട്ടോതെറപ്പി യൂനിറ്റിലേക്ക് മാറ്റുകയായിരുന്നു

newborns die of 'cold' as doctor keeps AC on to sleep in Uttar Pradesh
Author
First Published Sep 25, 2023, 3:19 PM IST

ലക്നൗ: രണ്ട് നവജാത ശിശുക്കള്‍ തണുത്തു മരിച്ച സംഭവത്തില്‍ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ സ്വകാര്യ ക്ലിനിക്കിലാണ് ദാരുണമായ സംഭവം. കുഞ്ഞുങ്ങള്‍ കിടന്നിരുന്ന ഫോട്ടോതെറപ്പി മുറിയില്‍ രാത്രി മുഴുവന്‍ എ.സി പ്രവര്‍ത്തിപ്പിച്ചതിനെതുടര്‍ന്ന് തണുപ്പ് താങ്ങാനാകാതെയാണ് കുഞ്ഞ് മരിച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ ക്ലിനിക്കിന്‍റെ ഉടമയും ഡോക്ടറുമായ നിതുവിനെതിരെ കൈരാന പോലീസ് കേസെടുത്തു. രണ്ടു കുഞ്ഞുങ്ങളുടെയും കുടുംബാംഗങ്ങളുടെ പരാതിയില്‍ കൊലപാതകത്തിന് തുല്യമല്ലാത്ത മനപ്പൂര്‍വമായ നരഹത്യക്കാണ് കേസെടുത്തിട്ടുള്ളതെന്നും ഡോക്ടരെ അറസ്റ്റ് ചെയ്തതായും കൈരാന സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നേത്രപാല്‍ സിങ് പറഞ്ഞു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പും അന്വേഷണത്തിനുത്തരവിട്ടിട്ടുണ്ട്. പരാതി ശരിയാണെന്ന് കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അഡീഷനല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അശ്വനി ശര്‍മ പറഞ്ഞു. 

ശനിയാഴ്ചയാണ് കൈരാനിയിലെ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രണ്ടു കുഞ്ഞുങ്ങളും ജനിച്ചത്. പിന്നീട് വൈകിട്ടോടെ കൈരാനയിലെ സ്വകാര്യ ക്ലിനിക്കിലേക്ക് മാറ്റുകയായിരുന്നു. നവജാത ശിശുക്കളായതിനാല്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം ചികിത്സക്കായി ക്ലിനിക്കിലെ ഫോട്ടോതെറപ്പി യൂനിറ്റിലേക്ക് മാറ്റുകയായിരുന്നു. ഫോട്ടോ തെറപ്പി യൂനിറ്റുള്ള മുറിയില്‍ രാത്രിയില്‍ ഉറങ്ങുന്നതിനിടെ ഡോക്ടര്‍ എയര്‍ കണ്ടീഷന്‍ ഓണ്‍ ചെയ്തുവെന്നും രാവിലെ വരെ ഓഫ് ചെയ്തിരുന്നില്ലെന്നുമാണ് കുടുംബാംഗങ്ങളുടെ പരാതി. ഡോക്ടര്‍ക്ക് നന്നായി ഉറങ്ങാനായാണ് എ.സി ഓണാക്കിയതെന്നും രാവിലെ യൂനിറ്റിലെത്തി കുഞ്ഞുങ്ങളെ നോക്കുമ്പോഴാണ് അമിതമായി തണുപ‌ഠിച്ച് മരിച്ച നിലയില്‍ കുഞ്ഞുങ്ങളെ കണ്ടതെന്നും കുടുംബാംഗങ്ങള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. സംഭവത്തെതുടര്‍ന്ന് കുടുംബാംഗങ്ങള്‍ ക്ലിനിക്കിന് മുന്നില്‍ പ്രതിഷേധിച്ചു. ഡോക്ടറിനെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.


More stories...നാളെത്തെ ബന്ദ് ബെംഗളൂരുവിനെ നിശ്ചലമാക്കുമോ?, വിശദാംശങ്ങള്‍ ഇങ്ങനെ

 

Follow Us:
Download App:
  • android
  • ios