ശ്രീനഗര്‍: അടുത്തത് റോഹിംഗ്യന്‍ വംശജരെ നാട് കടത്തലാണെന്ന പ്രഖ്യാപനവുമായ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് റോഹിംഗ്യന്‍ വംശജര്‍ എത്തിയത് എങ്ങനെയാണെന്ന് അന്വേഷണം നടത്തണമെന്നും യാത്രക്കായി ആരാണ് ഇവര്‍ക്ക് പണം നല്‍കുന്നതെന്ന് കണ്ടെത്തണമെന്നും ജിതേന്ദ്ര സിംഗ് കൂട്ടിച്ചേര്‍ത്തു. റോഹിംഗ്യന്‍ വംശജന്‍ വന്നത് എവിടെ നിന്നാണോ അവിടേക്ക് തന്നെ മടങ്ങേണ്ടി വരുമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. ജമ്മുകശ്മീരില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജിതേന്ദ്ര സിംഗ്.

പാര്‍ലമെന്‍റില്‍ ദേശീയ പൗരത്വ ഭേദഗതി നിയമം പ്രാവര്‍ത്തികമായ അന്ന് മുതല്‍ തന്നെ നിയം ജമ്മു കശ്മീരില്‍ പ്രാവര്‍ത്തികമായി. അക്കാര്യത്തില്‍ ഒരു പക്ഷേയോ, എന്നാല്‍ എന്ന ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല. അതിനാല്‍ തന്നെ നിയമത്തിന്‍റെ പിന്തുണ ഇല്ലാത്ത റോഹിംഗ്യന്‍ വംശജരെ പുറത്താക്കലാണ് അടുത്ത ലക്ഷ്യം. പുതിയ നിയമം അനുസരിച്ച് പൗരത്വം ലഭിക്കാന്‍ റോഹിംഗ്യന്‍ വംശജര്‍ക്ക് അര്‍ഹതയില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

പശ്ചിമ ബംഗാളിലൂടെ നിരവധി സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് ജമ്മുകശ്മീരിന്‍റെ പ്രാന്ത പ്രദേശങ്ങളില്‍ പോലും അവര്‍ വന്ന് താമസമാക്കിയത്. അവരെ നാടുകടത്തുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് ചില ആശങ്കകള്‍ ഉണ്ട്. പട്ടികകള്‍ തയ്യാറാക്കും ആവശ്യമായ ഇടങ്ങളില്‍ ബയോമെട്രിക് സംവിധാനം ഏര്‍പ്പാടാക്കും. കാരണം പുതിയ നിയമ റോഹിംഗ്യന്‍ വംശജര്‍ക്ക് ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും അനുവദിക്കുന്നില്ല.

പൗരത്വം നല്‍കാന്‍ തീരുമാനമായ ആറ് ന്യൂനപക്ഷ വിഭാഗങ്ങളില്‍ അവര്‍ ഉള്‍പ്പെടുന്നില്ല. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലും അവര്‍ ഉള്‍പ്പെടുന്നില്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.  റോഹിംഗ്യന്‍ വംശജര്‍, ബംഗ്ലാദേശുകാര്‍ ഉള്‍പ്പെടെ 13,700 വിദേശികള്‍ ജമ്മുവിലും സാംബ ജില്ലയിലും താമസിക്കുന്നുണ്ട്. 2008 മുതല്‍ 2016 വരെ ഇവരുടെ ജനസംഖ്യ 6000ല്‍ അധികം വര്‍ധിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വിശദമാക്കുന്നത്.