അമിതവേഗത്തിൽ എത്തിയ ബൈക്ക് കൈവരിയിൽ ഇടിച്ച് കയറിയപ്പോൾ ബൈക്ക് യാത്രികൻ പാലത്തിൽ നിന്ന് താഴേക്ക് തെറിച്ചു വീഴുകയായിരുന്നു.
മുംബൈ: മുംബൈയിലെ ബാന്ദ്രയിൽ നിയന്ത്രണം വിട്ട ബൈക്ക് പാലത്തിലിടിച്ചുണ്ടായ അപകടത്തിൽ 19 കാരൻ മരിച്ചു. ബാന്ദ്ര യു ബ്രിഡ്ജിൽ ആണ് സംഭവം. അമിതവേഗത്തിൽ എത്തിയ ബൈക്ക് കൈവരിയിൽ ഇടിച്ച് കയറിയപ്പോൾ ബൈക്ക് യാത്രികൻ പാലത്തിൽ നിന്ന് താഴേക്ക് തെറിച്ചു വീഴുകയായിരുന്നു. 40 അടി താഴ്ചയിൽ പതിച്ച 19 കാരൻ തൽക്ഷണം മരിച്ചു. ചേതൻ കിർ എന്നാണ് മരിച്ചയാളുടെ പേര്.
അതേസമയം കഴിഞ്ഞ ദിവസം ഇടുക്കിയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത തൊടുപുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട യുവാവിന്‍റെ ഹെൽമെറ്റിൽ നിന്ന് പൊലീസ് വൻ തോതിൽ കഞ്ചാവ് കണ്ടെത്തി എന്നതാണ്. 4.5 ഗ്രാം കഞ്ചാവാണ് ഇയാളുടെ ഹെൽമറ്റിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. എന്നാല്‍ അപകടത്തിൽ പരിക്കേറ്റ യുവാവ് പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു. കാരുപ്പാറയിലെ സ്വകാര്യ ഗ്യാസ് എജൻസിക്ക് മുമ്പിലാണ് ബൈക്ക് അപകടം നടന്നത്. പൂച്ചപ്ര ചുള്ളിമ്യാലിൽ ബിബിൻ ബാബു ( 23 ) വാണ് അപകടത്തിൽ പെട്ടത്. ഇയാളുടെ ഹെൽമെറ്റിനുള്ളിൽ നിന്നാണ് പൊലീസ് കഞ്ചാവ് കണ്ടെത്തിയത്. ബിബിൻ ബാബു സഞ്ചരിച്ചിരുന്ന ആഡംബര ബൈക്ക് എതിരേ വന്ന മറ്റൊരു ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ രണ്ട് ബൈക്കുകളിലെയും യാത്രക്കാർ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ ബിബിൻ ബാബു ബൈക്കും ഹെൽമെറ്റും ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. ഇതോടെ നാട്ടുകാർക്ക് സംശയം ഉണ്ടായി. പൊലീസ് സ്ഥലത്തെത്തിയതോടെ നാട്ടുകാർ ഇക്കാര്യം പൊലീസിനോട് പറഞ്ഞു. പൊലീസ് നടത്തിയ പരിശോധനയിലാണ് ബിബിൻ ധരിച്ചിരുന്ന ഹെൽമെറ്റിൽ നിന്നും വൻ തോതിൽ കഞ്ചാവ് കണ്ടെത്തിയത്.
