കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പ്രഖ്യാപനമനുസരിച്ച്, നിലവിലെ ടോൾ പിരിവ് സമ്പ്രദായം ഒരു വർഷത്തിനുള്ളിൽ അവസാനിക്കും. ഇതിന് പകരമായി, ഫാസ്ടാഗ് അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ഇലക്ട്രോണിക് സംവിധാനം രാജ്യവ്യാപകമായി നടപ്പിലാക്കും.
ദില്ലി: നിലവിലെ ടോൾ പിരിവ് സമ്പ്രദായം ഒരു വർഷത്തിനുള്ളിൽ പൂർണമായും അവസാനിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു. ഈ സംവിധാനത്തിന് പകരമായി ഒരു ഇലക്ട്രോണിക് സംവിധാനം നിലവിൽ വരും. ഇത് ഹൈവേ ഉപയോക്താക്കൾക്ക് തടസമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. റോഡ് ഗതാഗത, ഹൈവേ മന്ത്രിയായ നിതിൻ ഗഡ്കരി ലോക്‌സഭയിൽ ചോദ്യോത്തര വേളയിലാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഈ പുതിയ സംവിധാനം നിലവിൽ പത്തിടങ്ങളിൽ പരീക്ഷിച്ചു കഴിഞ്ഞെന്നും ഒരു വർഷത്തിനുള്ളിൽ ഇത് രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
"ഈ ടോൾ സംവിധാനം അവസാനിക്കും. ടോളിന്‍റെ പേരിൽ നിങ്ങളെ തടയാൻ ആരുമുണ്ടാകില്ല. ഒരു വർഷത്തിനുള്ളിൽ ഇലക്ട്രോണിക് ടോൾ പിരിവ് രാജ്യത്തുടനീളം നടപ്പിലാക്കും" അദ്ദേഹം വ്യക്തമാക്കി. കൂടാതെ, നിലവിൽ രാജ്യത്ത് 10 ലക്ഷം കോടി രൂപയുടെ 4,500 ഹൈവേ പദ്ധതികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഗഡ്കരി സഭയെ അറിയിച്ചു.
ഫാസ്ടാഗ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കും
രാജ്യത്തെ ഹൈവേകളിലെ ടോൾ പിരിവ് കാര്യക്ഷമമാക്കുന്നതിനായി, ഇലക്ട്രോണിക് ടോൾ പേയ്‌മെന്റുകൾക്കായുള്ള ഏകീകൃതവും പരസ്പരം പ്രവർത്തിക്കുന്നതുമായ പ്ലാറ്റ്‌ഫോമായ നാഷണൽ ഇലക്ട്രോണിക് ടോൾ കളക്ഷൻ (എൻഇടിസി) പ്രോഗ്രാം നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ചെടുത്തിട്ടുണ്ട്.
എൻഇടിസിയുടെ അടിസ്ഥാനം ഫാസ്ടാഗ് ആണ്. റേഡിയോ ഫ്രീക്വൻസി ഐഡന്‍റിഫിക്കേഷൻ (ആർഎഫ്ഐഡി) അടിസ്ഥാനമാക്കിയുള്ള ഈ ഉപകരണം വാഹനത്തിന്‍റെ വിൻഡ്ഷീൽഡിലാണ് സ്ഥാപിക്കുന്നത്. ടോൾ പ്ലാസയിൽ വാഹനം നിർത്താതെ തന്നെ ഉപയോക്താവിന്‍റെ ലിങ്ക് ചെയ്ത അക്കൗണ്ടിൽ നിന്ന് ടോൾ തുക ഓട്ടോമാറ്റിക്കായി അടയ്ക്കാൻ ഈ സംവിധാനം സഹായിക്കുന്നു. ഈ സാങ്കേതികവിദ്യ രാജ്യവ്യാപകമായി വിപുലപ്പെടുത്താനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.


