50 വർഷം മുമ്പ് ആന്ധ്രയിൽ ഹോട്ടൽ നടത്തിപ്പുകാരനായിരുന്നപ്പോൾ പലചരക്കുകടക്കാരന് നൽകാനുണ്ടായിരുന്ന 93 രൂപയുടെ കടം വീട്ടാൻ മലപ്പുറം സ്വദേശി സി പി അബ്ദുല്ല സുഹൃത്തുക്കളോടൊപ്പം യാത്ര തിരിച്ചു. 

മലപ്പുറം: 50 വര്‍ഷത്തിന് ശേഷം ഒരു പഴയ കടം വീട്ടിയ കഥ. കടം പറഞ്ഞ കാശിന് പകരം നല്‍കിയത് നൂറിരട്ടി. ഒരു സിനിമാ കഥ പോലെ തോന്നുന്നുണ്ടെങ്കിലും സംഗതി സത്യമാണ്. മലപ്പുറം ചേളാരി പാലക്കല്‍ സ്വദേശിയും മാര്‍ബിള്‍ വ്യവസായിയുമായ സി പി അബ്‍ദുല്ലയുടെ മനസിനെ വല്ലാതെ അലട്ടുന്ന ഒന്നായിരുന്നു 50 വര്‍ഷം മുമ്പ് ആന്ധ്രയില്‍ ഹോട്ടല്‍ നടത്തുന്ന കാലത്ത് ഒരു പലചരക്കുകടക്കാരന് നല്‍കാനുള്ള 93 രൂപയുടെ കടബാധ്യത. ഹോട്ടല്‍ നടത്തിപ്പ് മതിയാക്കി പുതിയൊരു ബിസിനസിലേക്കു മാറി നാട്ടിലേക്ക് വന്നപ്പോള്‍ ആ കടം വീട്ടാന്‍ മറന്നുപോയി.

20 വര്‍ഷം മുമ്പാണ് ആ പഴയ കടബാധ്യത അദ്ദേഹത്തിന്‍റെ ഓര്‍മ്മയില്‍ ഉടലെടുക്കുന്നത്. അന്ന് മുതല്‍ ആ വ്യാപാരിയെ കണ്ടെത്താന്‍ ആന്ധ്രയിലുള്ള സുഹൃത്തുക്കള്‍ വഴി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഹോട്ടല്‍ മേഖല വിട്ട് അബ്‍ദുല്ല നാട്ടിലേക്ക് പോന്നയുടന്‍ കടം വാങ്ങിയ ഇബ്രാ ഹീമിയ എന്ന കച്ചവടക്കാരന്‍ വ്യാപാരം നിര്‍ത്തിപ്പോയിരുന്നു. അദ്ദേഹത്തിന്‍റെ വീടോ വിലാസമോ ഒന്നും അബ്‍ദുല്ലയ്ക്കറിയില്ലായിരുന്നു. ദിവസങ്ങള്‍ക്കുമുമ്പ് അബ്‍ദുല്ല സുഹൃത്തുക്കളോട് ഈ കടബാധ്യതയെക്കുറിച്ച് പറഞ്ഞു. ആന്ധ്ര വരെ പോയി ആ കച്ചവടക്കാരന്‍റെ കുടുംബത്തെ തിരഞ്ഞാലോ എന്നായി സുഹൃത്തുക്കളുടെ മറുപടി.

ആന്ധ്രയിലേക്ക് ഒരു യാത്ര

ഞായറാഴ്ച അബ്‍ദുല്ല സുഹൃത്തുക്കളായ ശഫീഖ് പാണക്കാടന്‍, സഫീല്‍ മുഹമ്മദ്, മുജീബ് പള്ളിയാളി എന്നിവരെയും കുട്ടി ഒന്നും ആലോചിക്കാതെ ആന്ധ്രയിലെ കര്‍ലിലേക്കു തിരിച്ചു. സഹായത്തിനായി അവിടെ ജോലി ചെയ്യുന്ന അബ്‍ദുല്ലയുടെ സഹോദരീപുത്രന്‍ ഇസ്മായിലിനെയും വിളിപ്പിച്ചു. കര്‍ണൂല്‍ ഗനി ഗില്ലിയില്‍ രണ്ടു ദിവസത്തെ തിരച്ചിലിനൊടുവില്‍ അറിഞ്ഞത് കച്ചവടക്കാരനും രണ്ട് ആണ്‍മക്കളും മരിച്ചെന്ന വിവരമാണ്. അവസാനം പ്രദേശത്തുകാരുടെ സഹായത്താല്‍ കച്ചവടക്കാരന്‍റെ പേരമകന്‍ മഖ്ബൂല്‍ അഹമ്മദിനെ കണ്ടെത്തി.

പഴയ ഇടപാട് തീര്‍ക്കാന്‍ കേരളത്തില്‍നിന്ന് വരുകയാണെന്നറിയിച്ചപ്പോള്‍ പേരമകന്‍ അമ്പരന്നു. അദ്ദേഹം ആദ്യം പണം സ്വീകരിക്കാന്‍ തയാറായില്ല. തങ്ങള്‍ വന്നതിന്‍റെ ഒരേയൊരു ലക്ഷ്യം പഴയ കടം വീട്ടുകയെന്നതു മാത്രമാണെന്ന് പറഞ്ഞ് അന്നത്തെ 93 രൂപക്കു പകരം ഇന്നത്തെ മൂല്യത്തിന് അനുസരിച്ചുള്ള തുകയും കൂടെ ഒരു സമ്മാനപ്പൊതിയും നല്‍കിയാണ് അബ്‍ദുല്ലയും സുഹൃത്തുക്കളും നാട്ടിലേക്കു മടങ്ങിയത്.