ഇന്നാ പിടിച്ചോ 13458 കോടി! സംസ്ഥാനത്തിന് ഗഡ്കരിയുടെ സമ്മാനം, റോഡിൽ കുണ്ടും കുഴിയും പൊടിപൊലും കാണില്ല കർണാടകയിൽ
ആധുനിക റോഡ് കണക്റ്റിവിറ്റിയുടെ സുപ്രധാനമായ മുന്നേറ്റമാകും ഇതിലൂടെ സാധ്യമാകുകയെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി
ബെംഗളുരു: കർണാടകയിലെ റോഡ് വികസനത്തിന് 13458 കോടിയുടെ പദ്ധതി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു. ദേശീയ പാതയടക്കമുള്ള റോഡുകളുടെ വികസനത്തിനായാണ് ഇത്രയും കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത്. കർണാടകയിലെ ആധുനിക റോഡ് കണക്റ്റിവിറ്റിയുടെ സുപ്രധാനമായ മുന്നേറ്റമാകും ഇതിലൂടെ സാധ്യമാകുകയെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. 13,458 കോടി രൂപയുടെ പദ്ധതിയിൽ 18 ദേശീയ പാത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും കഴിഞ്ഞ ദിവസം നിർവഹിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പദ്ധതി പ്രകാരം ബെലഗാവിയിലും ശിവമോഗയിലുമാണ് ഏറ്റവുമധികം തുക പ്രഖ്യാപിച്ചിരിക്കുന്നത്.
ബെലഗാവിയിൽ മാത്രം 7,290 കോടി രൂപയുടെ പദ്ധതികൾ
കർണാടകയിലെ പ്രമുഖ കേന്ദ്രങ്ങളിലൊന്നായ ബെലഗാവിയിൽ മാത്രം 7,290 കോടി രൂപയുടെ പദ്ധതികളാണ് നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തത്. തന്ത്രപ്രധാനമായ ബെലഗാവിയിലെ റോഡ് വികസനം മേഖലയെ ഒരു ലോകോത്തര വികസിത സ്ഥലമാക്കി മാറ്റാൻ ഉപകരിക്കുമെന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്ത് ഗഡ്കരി പറഞ്ഞത്. കർണാടകയുടെ സാമ്പത്തിക വളർച്ചക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും റോഡ് വികസനം നിർണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാർഷിക, ടൂറിസം മേഖലകളെയും ഇത് ശക്തിപ്പെടുത്തു. ചടങ്ങിൽ കർണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർക്കിഹോളി, പാർലമെന്‍റ് അംഗങ്ങൾ, എം എൽ സിമാർ, എം എൽ എമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.
ശിവമോഗയിൽ 6,168 കോടി രൂപയുടെ പദ്ധതികൾ
കർണാടകയിലെ മറ്റൊരു പ്രധാന കേന്ദ്രമായ ശിവമോഗയിൽ 6,168 കോടി രൂപയുടെ പദ്ധതികളാണ് നിതിൻ ഗഡ്കരി സമ്മാനിച്ചത്. ഇവിടെ മൊത്തം 6,168 കോടി രൂപ മുതൽമുടക്കിൽ 18 ദേശീയ പാത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് ഗഡ്കരി നിർവഹിച്ചത്. ഹംപി, ഐഹോളെ, പട്ടടകല്ല്, ബദാമി തുടങ്ങിയ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രക്ക് അടക്കം ഗുണം ചെയ്യുന്ന പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. കർണാടകയുടെ വികസനത്തിനും സാമ്പത്തിക മേഖലയുടെ ഗുണത്തിനും ടൂറിസം രംഗത്തിനും ഇവ ഉപകരിക്കുമെന്ന് ഗഡ്കരി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം