ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ്കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. പാറ്റ്നയിലെ ഗാന്ധി മൈതാനത്താണ് ചടങ്ങുകള്‍ നടന്നത്.
ദില്ലി: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വീണ്ടും അധികാരമേറ്റു. രണ്ട് ഉപമുഖ്യമന്ത്രിമാരുള്‍പ്പടെ 26 പേര്‍ നിതീഷ് കുമാറിനൊപ്പം പാറ്റ്ന ഗാന്ധി മൈതാനത്ത് നടന്ന ചടങ്ങില്‍ സത്യവാചകം ചൊല്ലി. തുടര്‍വികസനത്തിന് സുസ്ഥിര സര്‍ക്കാര്‍ എന്നതാകും മുദ്രാവാക്യമെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയടക്കം നേതാക്കള്‍ ചടങ്ങിന് സാക്ഷിയായി. പ്രതിപക്ഷം ചടങ്ങ് ബഹിഷ്ക്കരിച്ചു.
ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. തുടര്‍ച്ചയായി അഞ്ചാം തവണയെന്നെ റെക്കോര്‍ഡും സ്വന്തമാക്കിയ നിതീഷ് കുമാറിനെ സത്യപ്രതിജ്ഞക്ക് പിന്നാലെ പ്രധാനമന്ത്രി ആശ്ലേഷിച്ചു. സമ്രാട്ട് ചൗധരിയും വിജയ് കുമാര്‍ സിന്‍ഹയും വീണ്ടും ഉപമുഖ്യമന്ത്രിമാരായി. പിന്നാക്ക വിഭാഗത്തില്‍ പെടുന്ന സമ്രാട്ട് ചൗധരിയേയും മുന്നാക്കക്കാരനായ വിജയ് കുമാര്‍ സിന്‍ഹയേയും ഉപമുഖ്യമന്ത്രി പദത്തിലുള്‍പ്പെടുത്തി സാമുദായിക സന്തുലനവും പാലിച്ചു. ബിജെപിയില്‍ നിന്ന് 14 പേരാണ് സത്യവാചകം ചൊല്ലിയത്. ജെഡിയുവിൽ നിന്ന് 8 പേരും.
എല്‍ജെപിയില്‍ നിന്ന് രണ്ട്, ആര്‍എല്‍എമ്മില്‍ നിന്ന് ഒന്ന് എന്നിങ്ങനെ ഇരുപാര്‍ട്ടികളും പുതുമുഖങ്ങള്‍ക്കും അവസരം ഉറപ്പിച്ചു. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയില്‍ നിന്ന് കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ മകന്‍ സന്തോഷ് സുമനും സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ ചെയ്തവരില്‍ മൂന്ന് വനിതകളുമുണ്ട്. സ്പീക്കര്‍ സ്ഥാനവും ബിജെപിക്കായിരിക്കും. അങ്ങനെ വലിയ തര്‍ക്കമില്ലാതെ മന്ത്രിസഭ രൂപീകരണവും പൂര്‍ത്തികരിക്കാന്‍ ബിജെപിക്കായി. തെരഞ്ഞെടുപ്പ് അട്ടിമറിയായിരുന്നുവെന്ന ആക്ഷേപം ആവര്‍ത്തിച്ച് ഉന്നയിച്ച പ്രതിപക്ഷം ചടങ്ങ് ബഹിഷ്ക്കരിക്കുകയും ചെയ്തു.

