ഓട്ടോ, ടാക്സി കാർ അടക്കം എല്ലാ വാണിജ്യ യാത്രാവാഹനങ്ങളും ഓടിക്കുന്നവർക്ക് മറാഠി ഭാഷ നിർബന്ധമായും അറിഞ്ഞിരിക്കണമെന്നാണ് പുതിയ ചട്ടം. മറാഠി അറിയാത്ത ഡ്രൈവർമാരുണ്ടെങ്കിൽ ഇവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും.
മുംബൈ: മറാഠി അറിയില്ലെങ്കിൽ ഇനി മഹാരാഷ്ട്രയിൽ ടാക്സി ഡ്രൈവർമാർക്ക് ലൈസൻസും പെർമിറ്റും ലഭിക്കില്ല. മഹാരാഷ്ട്ര സർക്കാരാണ് ടാക്സി ഡ്രൈവർമാർക്കും ഉടമകൾക്കും മറാഠി ഭാഷ പരിജ്ഞാനം നിർബന്ധമാക്കിയത്. ഇതിന്റെ ഭാഗമായി മഹാരാഷ്ട്ര മോട്ടോർവാഹന ചട്ടം 2026 ഭേദഗതി ചെയ്തു.
ഓട്ടോ, ടാക്സി കാർ അടക്കം എല്ലാ വാണിജ്യ യാത്രാവാഹനങ്ങളും ഓടിക്കുന്നവർക്ക് മറാഠി ഭാഷ നിർബന്ധമായും അറിഞ്ഞിരിക്കണമെന്നാണ് പുതിയ ചട്ടം. മറാഠി അറിയാത്ത ഡ്രൈവർമാരുണ്ടെങ്കിൽ ഇവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. മറാഠിയിൽ അടിസ്ഥാനപരമായ സംഭാഷണങ്ങൾ പോലും നടത്താൻ കഴിയുന്നില്ലെന്ന് കണ്ടെത്തിയാലാണ് നടപടിയുണ്ടാവുക. ആദ്യഘട്ടമായി ഡ്രൈവർക്ക് ഒരുമാസത്തെ നോട്ടീസ് നൽകും. ഈ കാലയളവിലും മറാഠി പഠിച്ചില്ലെങ്കിലാണ് മൂന്നുമാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുത. സസ്പെൻഷൻ കാലയളവിലും മറാഠി പഠിക്കുന്നില്ലെങ്കിൽ സ്ഥിരമായി ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടിയും സ്വീകരിക്കും.
അതേസമയം, മഹാരാഷ്ട്ര സർക്കാരിന്റെ പുതിയ നീക്കം മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ജോലിചെയ്യുന്ന ഇതരസംസ്ഥാന ഡ്രൈവർമാർക്ക് തിരിച്ചടിയാകുമെന്ന് ആക്ഷേപമുണ്ട്. മറാഠി നിർബന്ധമാക്കിയ ഭേദഗതിക്കെതിരേ വിവിധ തൊഴിലാളി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.


