കഴിഞ്ഞ നാല് വർഷത്തിനിടെ രാജ്യത്ത് 111 സിറ്റിംഗ് എം.പിമാരും എം.എൽ.എമാരും പാർട്ടി മാറിയതായി എ.ഡി.ആർ റിപ്പോർട്ട്. ഏറ്റവും കൂടുതൽ പേർ ബി.ജെ.പിയിലേക്ക് പോയപ്പോൾ, വലിയ തിരിച്ചടി നേരിട്ടത് കോൺഗ്രസാണ്. വ്യക്തിഗത നേട്ടങ്ങൾക്കായുള്ള ഇത്തരം കൂറുമാറ്റങ്ങൾ തടയാൻ ശക്തമായ നിയമം വേണമെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു.

ദില്ലി: കഴിഞ്ഞ നാല് വർഷത്തിനിടെ രാജ്യത്താകെ സിറ്റിംഗ് എം.പിമാരും എം.എൽ.എമാരുമായ 111 പേർ പാർട്ടി മാറിയെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസിന്റെ റിപ്പോർട്ട്. കൂറുമാറിയ ജനപ്രതിനിധികളിൽ കൂടുതൽ പേരും ഭരണകക്ഷിയായ ബി.ജെ.പിയിലേക്കാണ് പോയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂറുമാറിയ 11 പേരിൽ 29 പേരാണ് ബിജെപിയിലെത്തിയത്. കോൺഗ്രസിലേക്ക് 18 പേർ കൂറുമാറി. തെലങ്കാന രാഷ്ട്ര സമിതിയിലേക്ക് 13 പേരും കൂറുമാറി എത്തി. വോട്ടർമാരോട് ഉത്തരവാദിത്തമില്ലാത്തതാണ് ഇത്തരം കൂറുമാറ്റമെന്നും എഡിആർ റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

ആകെ പതിനെട്ട് പേർ പാർട്ടിയിലേക്ക് എത്തിയെങ്കിലും കൂറുമാറിയതിൻ്റെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് കോൺഗ്രസാണ്. 39 പേരാണ് കോൺഗ്രസ് വിട്ട് മറ്റ് പാർട്ടികളിലേക്ക് മാറിയത്. ബിഎസ്‌പിയിൽ നിന്ന് 12 പേരും എൻസിപിയിൽ നിന്ന് 10 പേരും മറ്റ് പാർട്ടികളിലേക്ക് മാറി. നിയമസഭാ, ലോകസഭാ തെരഞ്ഞെടുപ്പുകൾക്ക് തൊട്ടുമുമ്പാണ് ജനപ്രതിനിധികളിൽ വലിയ വിഭാഗവും പാർട്ടി മാറിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വ്യക്തിഗത നേട്ടങ്ങൾ, രാഷ്ട്രീയ ഭാവി, തെരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പാക്കൽ തുടങ്ങിയവയാണ് കൂറുമാറ്റത്തിന് പ്രധാന കാരണങ്ങളായി റിപ്പോർട്ട് പറയുന്നത്. ജനപ്രതിനിധികളുടെ ഈ നിലയ്ക്കുള്ള കൂറുമാറ്റം ജനാധിപത്യ പ്രക്രിയയുടെ സുതാര്യതയെയും ജനവിധിയുടെ മൂല്യത്തെയും ബാധിക്കുന്നുണ്ടെന്നും, കൂടുതൽ ശക്തമായ കൂറുമാറ്റ നിരോധന നിയമങ്ങൾ നടപ്പിലാക്കേണ്ടതുണ്ടെന്നും എ.ഡി.ആർ നിർദ്ദേശിക്കുന്നു.