പതിനേഴ് വർഷത്തെ അമേരിക്കൻ ജീവിതം അവസാനിപ്പിച്ച് ഗുജറാത്തി ദമ്പതികൾ ഇന്ത്യയിലേക്ക് മടങ്ങി. അമേരിക്കയിലെ ഉയർന്ന ചികിത്സാ ചെലവും ഇൻഷുറൻസ് സംവിധാനത്തിലെ ബുദ്ധിമുട്ടുകളുമാണ് ഇരട്ടക്കുട്ടികളുള്ള ദമ്പതികളെ ഈ തീരുമാനത്തിലേക്ക് നയിച്ചത്

തിരുവനന്തപുരം: പതിനേഴ് വർഷത്തെ അമേരിക്കൻ ജീവിതം അവസാനിപ്പിച്ച് ഇന്ത്യൻ ദമ്പതികൾ നാട്ടിലേക്ക് മടങ്ങി. ഗുജറാത്ത് സ്വദേശികളായ ദമ്പതികളാണ് അമേരിക്കയിലെ ഉയർന്ന ചികിത്സാ ചെലവ് താങ്ങാനാകാതെ നാടുവിട്ടത്. ഇന്ത്യയിൽ പെർഫെക്ടായ ആരോഗ്യസംവിധാനമല്ലെങ്കിലും ഇത് ആഡംബരം നിറഞ്ഞതല്ലെന്നാണ് നാട്ടിലേക്ക് മടങ്ങാനുള്ള കാരണമായി twinsbymyside എന്ന ഇൻസ്റ്റ ഐഡി വഴി പങ്കുവച്ച വീഡിയോയിൽ ദമ്പതികൾ പറയുന്നത്.

ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ ദമ്പതികൾ അമേരിക്കയിലെ ഇൻഷുറൻസ് സംവിധാനം ഭാരിച്ചതാണെന്ന് ചൂണ്ടിക്കാട്ടുന്നു. ചികിത്സ കിട്ടാൻ വൈകുന്നു. തങ്ങൾക്ക് ലഭിച്ച ഏറ്റവും വിലകുറഞ്ഞ ഇൻഷുറൻസ് പ്ലാൻ പ്രതിമാസം 1600 ഡോളർ (1,43,426 രൂപ) വിലവരുന്നതാണ്. ഇത് പ്രകാരം $15,000 വരെയാണ് ആശുപത്രി ചെലവിൽ കിഴിവ് ലഭിക്കുക. എന്നാൽ ഞങ്ങളുടെ ഇരട്ടക്കുട്ടികൾ പോലും ഈ പ്ലാനിൽ ഉൾപ്പെട്ടിരുന്നില്ല. കുട്ടികൾക്കുണ്ടാകുന്ന ചെറിയ ശാരീരിക ബുദ്ധിമുട്ടുകൾ പോലും ചെലവേറിയതും ചികിത്സ ലഭിക്കാൻ സമയമെടുക്കുന്നതുമാണ്. ഇതൊക്കെയാണ് ഇന്ത്യയിലേക്ക് താമസം മാറുന്നതെന്നും അവർ വീഡിയോയിൽ പറയുന്നു.

'നല്ല ഡോക്ടർമാർ ഇന്ത്യയിലുണ്ട്. ഇവിടെ വേഗത്തിൽ ചികിത്സ ലഭിക്കും. അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് ഓടിവന്നതല്ല. ഇന്ത്യ ആരോഗ്യരംഗത്ത് പൂർണത കൈവരിച്ച രാജ്യമല്ല. എന്നാൽ ഇവിടെ മനസമാധാനം ലഭിക്കും,' - എന്നും ദമ്പതികൾ പറയുന്നു. ഇവരുടെ വീഡിയോ ഇൻസ്റ്റയിൽ ഇതിനോടകം പതിനാറ് ലക്ഷത്തിലേറെ പേരാണ് കണ്ടിരിക്കുന്നത്.