മൂന്നര കോടിയോളം വോട്ടർമാരും 37,809 ബൂത്തുകളുമായി ഒഡിഷ വമ്പിച്ച തെരഞ്ഞെടുപ്പ് ദിനങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്

ഭുവനേശ്വർ: ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ ഇലക്ഷനും തയ്യാറെടുക്കുകയാണ് ഒഡിഷ. 21 ലോക്സഭ മണ്ഡലങ്ങളും 147 നിയമസഭ മണ്ഡലങ്ങളുമാണ് സംസ്ഥാനത്തുള്ളത്. ഇരു തെരഞ്ഞെടുപ്പുകളും ഒരേസമയം പൂർത്തിയാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഡിഷയില്‍ ഒരുക്കങ്ങള്‍ പൂർത്തിയാക്കിയതായാണ് റിപ്പോർട്ട്. നാല് ഘട്ടമായാണ് സംസ്ഥാനത്തെ വോട്ടിംഗ് പൂർത്തിയാക്കുക. ബിജെപി ലോക്സഭ സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോള്‍ ബിജെഡിയും കോണ്‍ഗ്രസും ഉടന്‍ സ്ഥാനാർഥി പ്രഖ്യാപനം നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒഡിഷയിലെ ഭരണകക്ഷിയായ ബിജു ജനതാദള്‍ 2019ല്‍ 112 നിയമസഭ സീറ്റും 12 ലോക്സഭ സീറ്റും നേടിയിരുന്നു. 

മൂന്നര കോടിയോളം വോട്ടർമാരും 37,809 ബൂത്തുകളുമായി ഒഡിഷ വമ്പിച്ച തെരഞ്ഞെടുപ്പ് ദിനങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. മൂന്ന് കോടി 35 ലക്ഷം വോട്ടർമാരാണ് ഒഡിഷയിലെ വോട്ടർ പട്ടികയിലുള്ളത്. പൊതു തെരഞ്ഞെടുപ്പിന്‍റെ നാല്, അഞ്ച്, ആറ്, ഏഴ് ഘട്ടങ്ങളിലായാണ് ഒഡിഷയില്‍ തെരഞ്ഞെടുപ്പുകള്‍ പൂർത്തിയാകുക. ലോക്സഭ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന നിയമസഭ സീറ്റുകളില്‍ അതേദിനം തന്നെ വോട്ടിംഗ് നടക്കുന്ന രീതിയാണ് ക്രമീകരണങ്ങള്‍. നീതിപരവും സമാധാനപൂർണവുമായ തെരഞ്ഞെടുപ്പ് നടത്താന്‍ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസർ യോഗം ചേർന്നു. 

Read more: ചൂടേറുന്നു, തെരഞ്ഞെടുപ്പിനിടെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മറക്കണ്ടാ; ജാഗ്രതാ നിർദേശവുമായി ഇലക്ഷന്‍ കമ്മീഷന്‍

ബിജു ജനതാദളും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ ത്രികോണ മത്സരമാണ് ഒഡിഷയില്‍ പ്രതീക്ഷിക്കുന്നത്. ബിജെഡിയും ബിജെപിയും തമ്മില്‍ സഖ്യത്തിന് ചർച്ചകള്‍ നടന്നെങ്കിലും സീറ്റ് വിഭജനത്തില്‍ തട്ടിയുലഞ്ഞ് പൊലിഞ്ഞതോടെ നേർക്കുനേർ മത്സരമാണ് ഒഡിഷയില്‍ പ്രതീക്ഷിക്കുന്നത്. ഏറ്റവും ശക്തരായ സ്ഥാനാർഥികളെ കണ്ടെത്താനുള്ള തത്രപ്പാടിലാണ് ബിജെഡിയും ബിജെപിയും. 

ഇതുവരെ ബിജെപി മാത്രമേ സംസ്ഥാനത്ത് ലോക്സഭയിലേക്കുള്ള സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിട്ടുള്ളൂ. 21 ലോക്സഭ സീറ്റുകളിലെ 18 സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. നാല് സിറ്റിംഗ് എംപിമാരെ ബിജെപി മത്സരിപ്പിക്കുന്നില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍ സംബല്‍പൂരില്‍ നിന്ന് മത്സരിക്കുന്നുണ്ട്. നാല് വനിതകളാണ് പ്രഖ്യാപിച്ച പട്ടികയിലുള്ളത്. ബിജെപിയുടെ സ്ഥാനാർഥികള്‍ രണ്ട് പേർ രാജകുടുംബാംഗങ്ങളും അഞ്ച് പേർ ആദിവാസി വിഭാഗങ്ങളില്‍ പെടുന്നവരും രണ്ട് പേർ ദളിതരുമാണ്. സംവരണ മണ്ഡലങ്ങളില്‍ നിന്നാണ് ആദിവാസി വിഭാഗങ്ങളിലെ അംഗങ്ങള്‍ മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭ ഇലക്ഷന്‍ തൂത്തുവാരിയ നവീന്‍ പട്നായിക് തുടർച്ചയായ ആറാംവട്ടവും മുഖ്യമന്ത്രിപദത്തിലെത്തുമോ എന്ന് കാത്തിരുന്നറിയാം.

Read more: സിക്കിം നിയമസഭ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി, പ്രമുഖർ ആരൊക്കെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം