Ukraine Crisis 434 പേർ കൂടി സ്വന്തം നാടിന്റെ സുരക്ഷിതത്വത്തിലേക്ക്. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇതുവരെ 9 വിമാനങ്ങളിലായി 2212 ഇന്ത്യാക്കാരെയാണ് തിരികെയെത്തിക്കാനായത്. 

ദില്ലി: യുക്രൈനിൽ (Ukraine) കുടുങ്ങിയ ഇന്ത്യക്കാരെ (Indians) തിരികെയെത്തിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഓപ്പറേഷൻ ഗംഗ മിഷന്റെ (Operation Ganga)ഭാഗമായി രണ്ട് വിമാനങ്ങൾ കൂടി ദില്ലിയിലെത്തി. ബുഡാപെസ്റ്റിൽ നിന്നും ബുക്കാറെസ്റ്റിൽ നിന്നുമുള്ള രണ്ട് ഇൻഡിഗോ വിമാനങ്ങളാണ് ദില്ലിയിലെത്തിയത്. രണ്ടിലുമായി 434 പേർ സ്വന്തം നാടിന്റെ സുരക്ഷിതത്വത്തിലേക്ക് എത്തി. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇതുവരെ 9 വിമാനങ്ങളിലായി 2212 ഇന്ത്യാക്കാരെയാണ് തിരികെയെത്തിക്കാനായത്. 

Scroll to load tweet…

യുക്രൈനിലെ സാഹചര്യങ്ങൾ കൂടുതൽ ഗുരുതരമാകുന്ന സാഹചര്യത്തിൽ മിഷന്റെ ഭാഗമാകാൻ വ്യോമസേനാ വിമാനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശം നൽകി. സ്വകാര്യ വിമാനങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യൻ വ്യോമസേനയും ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകുന്നത്. നാല് സി 17 വിമാനങ്ങൾ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകും. 

രാഷ്ട്രപതി രാം നാഥ് കോവിന്ദുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് നിർദ്ദേശം നൽകിയത്. യുക്രൈയിനിലേക്ക് മരുന്നുമായി പുറപ്പെടുന്ന സി 17 വ്യോമസേന വിമാനത്തിൽ പരാമാവധി വിദ്യാർത്ഥികളെ തിരികെ എത്തിക്കാനാണ് നീക്കം. ഇതിനായുള്ള നടപടികൾ വ്യോമസേന പൂർത്തിയാക്കിയിരുന്നു. സർക്കാരിന്റെ അവസാനനിർദ്ദേശത്തിനായി കാത്തിരിക്കുകയാണെന്ന് വ്യോമസേന വൃത്തങ്ങൾ വ്യക്തമാക്കി. വരും ദിവസങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി കൂടുതൽ വ്യോമസേന വിമാനങ്ങൾ യുക്രൈന്റെ അയൽരാജ്യങ്ങളിലേക്ക് തിരിക്കുമെന്നാണ് വിവരം. രക്ഷാ ദൌത്യത്തിന്റെ ഭാഗമായി കേന്ദ്രനിയമമന്ത്രി കിരൺറിജ്ജജു സ്സോവാക്യയിലേക്ക് തിരിച്ചു. 

കീവ് പിടിക്കാൻ സർവ സന്നാഹങ്ങളുമായി റഷ്യ

കീവ് പിടിക്കാൻ സർവ സന്നാഹങ്ങളുമായി റഷ്യ മുന്നോട്ട് പോകുകയാണ്. 64 കിലോമീറ്റർ നീളമുള്ള റഷ്യൻ സൈനികവ്യൂഹം യുക്രൈൻ തലസ്ഥാനത്തെ ലക്ഷ്യമാക്കി നീങ്ങുന്ന ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നു. നൂറു കണക്കിന് ടാ ങ്കുകളും കവചിത വാഹനങ്ങളും അതിർത്തിയിൽ നിന്ന് കീവിലെക്ക് നീങ്ങുന്നതായാണ് റിപ്പോർട്ട്. കീവ് പിടിക്കാൻ ദിവസങ്ങൾ നീളുന്ന രക്തരൂക്ഷിത ഏറ്റുമുട്ടലിന് സാധ്യതയുണ്ടെന്ന് പ്രതിരോധ വിദഗ്ധർ പറയുന്നു. ആദ്യ മൂന്ന് ദിവസത്തിൽ തന്നെ കീവ് വീഴുമെന്ന് കരുതിയ റഷ്യക്ക് ഏറ്റ അപ്രതീക്ഷിത തിരിച്ചടിയാണ് കൂടുതൽ കടുത്ത സൈനിക നീക്കത്തിലേക്ക് നയിച്ചത്. ഒരു പ്രദേശത്തെ പ്രാണവായു ഇല്ലാതാക്കുന്ന വാക്വം ബോംബ് റഷ്യ പ്രയോഗിച്ചെന്നത് അടക്കം യുദ്ധകുറ്റകൃത്യങ്ങൾ
സംബന്ധിച്ച യുക്രൈന്റെ പരാതി അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ പരിഗണനയിലാണ്. 

Ukraine Crisis: ആശുപത്രികളിലും പുനരധിവാസ കേന്ദ‌്രങ്ങളിലും റഷ്യയുടെ ഷെ‌ല്ലാക്രമണം; കേഴ്‌സൻ ന​ഗരം കീഴടക്കി റഷ്യ

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകരാജ്യങ്ങൾ അംഗീകരിച്ച ജനീവ കൺവെൻഷൻ തത്വങ്ങൾ പ്രകാരം ഉപയോഗിക്കാൻ പാടില്ലാത്ത ആയുധമാണ് വാക്വം ബോംബ്. യുക്രൈൻ ഉന്നയിച്ച ആരോപണം അന്വേഷിക്കുമെന്ന് കോടതി വ്യക്തമാക്കി. ഓഖ്തിർഖയിൽ സൈനിക കേന്ദ്രത്തിൽ റഷ്യ നടത്തിയ ആക്രമണത്തിൽ 70 യുക്രൈൻ സൈനികർ കൊല്ലപ്പെട്ടു. ഖാർകീവനും കീവിനും ഇടയ്ക്കുള്ള ചെറു നഗരത്തിലാണ് റഷ്യ മിസൈൽ ആക്രമണം നടത്തിയത്. ഖാർകീവിൽ കനത്ത ആക്രമണം തുടരുകയാണ്. ഒട്ടേറെ സാധാരണക്കാരും കൊല്ലപ്പെട്ടു. മൂന്നു കുട്ടികൾ അടക്കം ഒൻപത് സാധാരണക്കാർ ഇന്നലെ മാത്രം ഖാർകീവിൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കീവിൽ ആശുപത്രിക്ക് നേരെ റഷ്യ ഷെൽ ആക്രമണം നടത്തിയതായി യുക്രൈൻ ആരോപിച്ചു.