ദില്ലി: ഗാന്ധിജിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്സെ രാജ്യസ്നേഹിയാണെന്ന് നിലപാടെടുത്ത പ്രഗ്യാ സിംഗ് ഠാക്കൂര്‍ എംപിക്കെതിരെ ശാസനാ പ്രമേയത്തിന് പ്രതിപക്ഷത്തിന്‍റെ നോട്ടീസ്. 75 പ്രതിപക്ഷ എംപിമാരാണ് നോട്ടീസില്‍ ഒപ്പിട്ടിരിക്കുന്നത്. രാഷ്ട്രപിതാവിനെ അപമാനിച്ച ലോക്സഭാംഗത്തെ ശാസിക്കണമെന്നാണ് പ്രമേയം. 

ഇന്നലെയാണ് എസ്പിജി നിയമഭേദഗതി ബില്ലിന്‍റെ ചര്‍ച്ചക്കിടെ പ്രഗ്യാ സിംഗ് തന്‍റെ വിവാദ നിലപാട് ആവര്‍ത്തിച്ചത്. ഗോഡ്സെ എന്തിനാണ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത് എന്ന് വിശദീകരിക്കാന്‍ ശ്രമിച്ച ഡിഎംകെ അംഗം എ രാജയുടെ പ്രസംഗത്തിനിടെയാണ് എതിര്‍പ്പുമായി പ്രഗ്യ രംഗത്തെത്തിയത്. 

സംഭവം വിവാദമായതോടെ പ്രഗ്യയുടെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കിയിരുന്നു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ നിര്‍ദ്ദേശപ്രകാരമാണ് പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കിയത്. 

Read Also: 'ദേശഭക്ത്' എന്ന് പ്രഗ്യ പറഞ്ഞത് ഗോഡ്സെയെ അല്ല എന്ന് കേന്ദ്രമന്ത്രി, ലോക്സഭാ രേഖയിൽ നിന്ന് നീക്കി

ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിശേഷിപ്പിച്ച പ്രഗ്യ ഭീകരവാദിയാണെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ഇന്ന് വിമര്‍ശിച്ചു. ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ചരിത്രത്തിലെ ദു:ഖകരമായ ദിനമായിരുന്നു ഇന്നലെ എന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. 

Read Also: 'ഭീകരവാദിയായ പ്രഗ്യയാണ് ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിളിക്കുന്നത്': രാഹുല്‍ ഗാന്ധി 

അതേസമയം, വിവാദ പ്രസ്താവനയെത്തുടര്‍ന്ന് പ്രഗ്യയെ തള്ളി ബിജെപി രംഗത്തെത്തിയിരുന്നു. പ്രഗ്യയുടെ നടപടി അപലപനീയമാണെന്നാണ് പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്‍റ് ജെ പി നദ്ദ അഭിപ്രായപ്പെട്ടത്. പ്രഗ്യയെ പ്രതിരോധ സമിതിയില്‍ നിന്ന് ഒഴിവാക്കി. പാര്‍ട്ടിയുടെ പാര്‍ലമെന്‍ററി സമിതി യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും പ്രഗ്യയെ ഒഴിവാക്കിയിട്ടുണ്ട്. 

Read Also: ഗോഡ്സെ 'ദേശഭക്തനെ'ന്ന പരാമർശം: പ്രഗ്യയെ പ്രതിരോധ സമിതിയിൽ നിന്ന് നീക്കി