കാർഷിക മേഖലയിൽ വലിയ നാശം വിതയ്ക്കാൻ ശേഷിയുള്ള ജൈവാണുവിനെയാണ് അമേരിക്കയിലേക്ക് കൊണ്ടുവന്നതെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ 

വാഷിങ്ടണ്‍: അപകടകരമായ ജൈവ രോഗാണുവിനെ അമേരിക്കയിലേക്ക് കടത്തിയ സംഭവത്തിൽ രണ്ട് ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്തു. ഫ്യൂസേറിയം ഗ്രാമിനിയറം എന്ന രോഗാണുവിനെയാണ് ഗവേഷണത്തിനായി കടത്തിയത്. കാർഷിക മേഖലയിൽ വലിയ നാശം വിതയ്ക്കാൻ ശേഷിയുള്ള രോഗകാരിയാണിതെന്നാണ് വിലയിരുത്തൽ. 

കാർഷിക രംഗത്ത ഭീകര ആയുധമായി ഉപയോഗിക്കപ്പെടാനിടയുള്ള ജൈവ അണുവാണിതെന്ന് യുഎസ് നീതിന്യായ വകുപ്പ് നിരീക്ഷിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഈ ഫംഗസിന് വിളകളെ കൂട്ടത്തോടെ നശിപ്പിക്കാൻ ശേഷിയുണ്ട്. ഈ ഫംഗസ് ബാധ മനുഷ്യർക്കും കന്നുകാലികൾക്കും ഭീഷണിയാണ്. ഛർദ്ദി, കരൾ തകരാറ്, പ്രത്യുൽപാദന വൈകല്യങ്ങൾ എന്നിവയ്ക്ക് കാരണമാകും.

എഫ്ബിഐയുടെ റിപ്പോർട്ട് പ്രകാരം ചൈനയിലെ ഗവേഷകനായ 34 കാരനായ സുന്യോങ് ലിയുവാണ് ഈ ഫംഗസിനെ അമേരിക്കയിലേക്ക് എത്തിച്ചത്. 2024 ജൂലൈയിൽ തന്റെ കാമുകി യുൻകിങ് ജിയാനെ (33) സന്ദർശിക്കാൻ എത്തിയപ്പോഴാണ് ഫംഗസ് കൊണ്ടുവന്നത്. ജിയാന് മിഷിഗൺ സർവകലാശാലയിലെ ലബോറട്ടറിയിൽ ഗവേഷണം നടത്താനാണ് താൻ അണുവിനെ അമേരിക്കയിലേക്ക് കടത്തിയതെന്ന് ലിയു സമ്മതിച്ചു. ഇരുവരും തമ്മിലുള്ള ആശയവിനിമയങ്ങൾ ഇതിന് തെളിവായി ലഭിച്ചു. ഗൂഢാലോചന, അമേരിക്കയിലേക്ക് അപകടകരമായ വസ്തുക്കൾ കടത്തൽ, വിസ തട്ടിപ്പ് എന്നീ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തി.

ഈ രോഗകാരിയെക്കുറിച്ചുള്ള പഠനത്തിന് ചൈനീസ് സർക്കാർ ധനസഹായം നൽകിയിരുന്നതായി ജിയാൻ വെളിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. പൊതു സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന പ്രവർത്തനം എന്നാണ് എഫ്ബിഐ ഡിട്രോയിറ്റ് ഫീൽഡ് ഓഫീസിന്‍റെ ചുമതലയുള്ള ഗിബ്സൺ വിശേഷിപ്പിച്ചത്. 

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ ഇക്കാര്യത്തെ കുറിച്ച് വിശദമാക്കി. അമേരിക്കൻ ഗവേഷണ സ്ഥാപനങ്ങളിലേക്ക് നുഴഞ്ഞുകയറാനും യുഎസിലെ ഭക്ഷ്യ മേഖല ലക്ഷ്യമിടാനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഗവേഷകരെ അമേരിക്കയിലേക്ക് ഒളിച്ചുകടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഗുരുതരമായ ദേശീയ സുരക്ഷാ ആശങ്കകൾ ഉയർത്തുന്ന സംഭവമെന്ന് യുഎസ് അറ്റോർണി ജെറോം എഫ് ഗോർഗൺ ജൂനിയർ പറഞ്ഞു. എഫ്ബിഐയും യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷനും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം