ആ​ഗോളതലമായി ഇന്ത്യക്ക് മുഖം നഷ്ടപ്പെട്ടു. രാജ്യത്തിന്റെ വിദേശനയത്തിന് മങ്ങലേറ്റു. നൂപുർ ശർമയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഷൻ ചെയ്താൽ മാത്രം മതിയാവില്ലെന്നും അറസ്റ്റ് ചെയ്യണമെന്നും ഒവൈസി ആവശ്യപ്പെട്ടു.

ദില്ലി: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് വിവാദപരാമർശം നടത്തിയ ബിജെപി വക്താവ് നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. നൂപുർ ശർമയുടെ വിവാദ പരാമർശം ഗൾഫ് രാജ്യങ്ങളുടെ എതിർപ്പിന് കാരണയെന്നും ഇന്ത്യക്ക് നാണക്കേടുണ്ടാക്കിയെന്നും ഒവൈസി പറർഞ്ഞു. ആ​ഗോളതലമായി ഇന്ത്യക്ക് മുഖം നഷ്ടപ്പെട്ടു. രാജ്യത്തിന്റെ വിദേശനയത്തിന് മങ്ങലേറ്റു. നൂപുർ ശർമയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഷൻ ചെയ്താൽ മാത്രം മതിയാവില്ലെന്നും അറസ്റ്റ് ചെയ്യണമെന്നും ഒവൈസി ആവശ്യപ്പെട്ടു.

വിദേശകാര്യ മന്ത്രാലയത്തെയും ഒവൈസി വിമർശിച്ചു. വിദേശകാര്യ മന്ത്രാലയം ബിജെപിയുടെ ഭാഗമായോ. ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ പൗരന്മാർക്കെതിരെ കുറ്റകൃത്യങ്ങളും അക്രമങ്ങളും ഉണ്ടായാൽ നിങ്ങൾ എന്തു ചെയ്യും. പ്രകോപനപരമായ പ്രസ്താവനകൾ നടത്താൻ ബിജെപി തങ്ങളുടെ വക്താക്കളെ ബോധപൂർവം അയയ്‌ക്കുന്നുവെന്നും അന്താരാഷ്ട്ര വേദിയിൽ തിരിച്ചടി നേരിട്ടതിന് ശേഷമാണ് നടപടിയെടുത്തതെന്നും ഹൈദരാബാദ് എംപി ആരോപിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഖത്തറിലെ വിരുന്ന് റദ്ദാക്കി, രണ്ട് ഗൾഫ് രാജ്യങ്ങളിലെ സർക്കാരുകൾ ഇന്ത്യൻ പ്രതിനിധികളെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതും രാജ്യത്തിന് നാണക്കേടായി. വിവാദ പരാമർശത്തെക്കുറിച്ച് ഞാൻ നേരത്തെ പ്രധാനമന്ത്രിയോട് പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹം വഴങ്ങിയില്ല. സംഭവം ഗൾഫിൽ കത്തിപ്പടർന്നതിനെ തുടർന്നാണ് നടപടിയെടുത്തത്. ഇത് നേരത്തെ ചെയ്യണമായിരുന്നു. തങ്ങളുടെ വക്താവ് മുസ്ലീങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന പ്രസ്താവന നടത്തിയെന്ന് മനസ്സിലാക്കാൻ ബിജെപിക്ക് 10 ദിവസമെടുത്തെന്നും ഒവൈസി കുറ്റപ്പെടുത്തി. 

ടിവി ചാനൽ ചർച്ചയ്ക്കിടെ ബിജെപി വക്താവ് നൂപുർ ശർമ നബി നിന്ദ നടത്തിയെന്ന ആരോപണത്തെ തുടർന്ന് ​ഗൾഫ് രാജ്യങ്ങൾ ഇന്ത്യക്കെതിരെ രം​ഗത്തെത്തിയിരുന്നു. തുടർന്ന് നൂപുർ ശർമയെ ബിജെപി സസ്പെൻഡ് ചെയ്തു. സംഭവത്തെ തുടർന്ന് ഇന്ത്യൻ ഉൽപന്നങ്ങൾക്കു ഗൾഫ് രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തണമെന്നു സമൂഹമാധ്യമങ്ങളിൽ ആവശ്യമുയർന്നിരുന്നു. ആരുടെയും മതവികാരം വ്രണപ്പെടുത്തുക എന്നത് തന്റെ ഉദ്ദേശ്യമല്ലെന്ന് നൂപുർ ശർമ ട്വിറ്ററിൽ ക്ഷമാപണം നടത്തി. നൂപുർ ശർമയുടെ പ്രസ്താവനയെ തുടർന്ന് ഉത്തർപ്രദേശിലെ കാൺപൂരിൽ സംഘർഷമുണ്ടായതിനെ തുടർന്നാണ് സംഭവം വിവാദമായത്.

പ്രവാചക നിന്ദ: നുപുർ ശർമ്മയെ മുംബൈ പൊലീസ് വിളിച്ചു വരുത്തും; ഉടൻ നോട്ടീസ് നൽകുമെന്നും കമ്മീഷണർ

പാർട്ടി നിലപാടിന് വിരുദ്ധമായ അഭിപ്രായമാണ് നൂപുർ ശർമ പ്രകടിപ്പിച്ചതെന്നും ബിജെപി വിശദമാക്കി. വിവാദ പരാമർശത്തിൽ മറ്റൊരു നേതാവ് നവീൻകുമാർ ജിൻഡാലിനെയും സസ്പെൻഡ് ചെയ്തിരുന്നു. സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, ഇറാൻ എന്നീ രാജ്യങ്ങൾ പ്രസ്താവനയെ ശക്തമായി അപലപിച്ചു.