'പണ്ടേ പോലെ ഫലിക്കുന്നില്ല...' കോൺഗ്രസ്- ബിആർഎസ് നിക്കാഹ് പോസ്റ്ററിൽ ഖാസി, പരിഹാസവുമായി ഒവൈസി
മോദിയുടെ ഫോട്ടോ ബിജെപിക്ക് വേണ്ടി പഴയതുപോലെ പ്രവര്‍ത്തിക്കുന്നതല്ല. അതിനാലാണ് അവര്‍ എന്റെ ഫോട്ടോ ഇട്ടത്.

ഹൈദരാബാദ്: വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിആർഎസും തമ്മിലുള്ള വിവാഹത്തിന് തന്നെ ഖാസിയായി അവതരിപ്പിക്കുന്ന ബിജെപിയുടെ വിവാഹ കത്ത് മാതൃകയെ പരിഹസിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. കോൺഗ്രസിന്റെയും ബിആർഎസിന്റെയും വിവാഹത്തിൽ ഞാൻ ഖാസിയാണെന്ന് ബിജെപി ഒരു കാർട്ടൂൺ ഇറക്കി.
മോദിയുടെ ഫോട്ടോ ബിജെപിക്ക് വേണ്ടി പഴയതുപോലെ പ്രവർത്തിക്കുന്നതല്ല. അതിനാലാണ് അവർ എന്റെ ഫോട്ടോ ഇട്ടത്. ഈ പ്രായത്തിൽ വിവാഹ കാർഡിൽ എന്റെ ഫോട്ടോയിട്ടു. അതിലു നല്ലത് അവിവാഹിതനായ ഒരാളുടെ ഫോട്ടോ വയ്ക്കുന്നതായിരുന്നു വെന്നും ഒവൈസി പറഞ്ഞു. ബിആർഎസിന്റെയും കോൺഗ്രസിന്റെയും നിക്കാഹിലേക്ക് എല്ലാവരേയും ഒവൈസി ക്ഷണിക്കുന്നു എന്ന കാർട്ടൂൺ അടുത്തിടെയാണ് ബിജെപി പുറത്തിറക്കിയത്. അതെ, ഇനി ഇത് ഒരു സ്വകാര്യ കാര്യമല്ല എന്ന അടിക്കുറിപ്പോടെയാണ് ബിജെപിയുടെ ട്വീറ്റ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചരടുവലിക്കുന്ന പാവകളായി കെസിആറിന്റെയും ഒവൈസിയുടെയും പോസ്റ്റർ കോൺഗ്രസ് സ്ഥാപിച്ചതിന് പിന്നാലെയാണ് പോസ്റ്റർ യുദ്ധം ചൂടുപിടിച്ചത്. ഹൈദരാബാദിലെ ബേഗംപേട്ടിലാണ് കോൺഗ്രസ് ഇപ്പോൾ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ ഒമ്പത് സീറ്റുകളിലാണ് എഐഎംഐഎം മത്സരിക്കുന്നത്. ചന്ദ്രയങ്കുട്ടയിൽ അക്ബറുദ്ദീൻ ഒവൈസി, ചാർമിനാറിൽനിന്ന് മിർ സുൽഫെഖർ അലി, യാകുത്പുരയിൽ ജാഫർ ഹുസൈൻ മെഹ്‌രാജ്, നാമ്പള്ളിയിൽ മുഹമ്മദ് മജീദ് ഹുസൈൻ, മലക്പേട്ടയിൽ അഹമ്മദ് ബിൻ അബ്ദുല്ല ബലാല, കർവാൻ മണ്ഡലത്തിൽ നിന്ന് കൗസർ മൊഹിയുദ്ദീൻ, രാജ് മൊഹിയുദ്ദീൻ കർവാൻ മണ്ഡലത്തിലും ബഹദൂർപുര മണ്ഡലത്തിൽ നിന്ന് മുഹമ്മദ് മുബീനും ജൂബിലി ഹിൽസിൽ നിന്ന് മുഹമ്മദ് റഷീദ് ഫറസുദ്ദീനും മത്സരിക്കും. ബിജെപിയും ബിആർഎസും കോൺഗ്രസും തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് തെലങ്കാന സാക്ഷ്യം വഹിക്കുക. 2018ൽ ടിആർഎസ് ആയിരുന്ന ബിആർഎസ് 119 സീറ്റിൽ 88 സീറ്റും നേടിയപ്പോൾ കോൺഗ്രസ് 19 സീറ്റുമായി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം