ജമ്മു കശ്‌മീരിൽ സൈനിക താവളത്തിന് മുകളിലായി വീണ്ടും പാക് ഡ്രോൺ സാന്നിധ്യം

ദില്ലി: ജമ്മു കശ്മീരിൽ വീണ്ടും പാക് ഡ്രോൺ സാന്നിധ്യം. ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട സൈനിക കേന്ദ്രങ്ങൾക്ക് മുകളിലായാണ് പാകിസ്ഥാനിൽ നിന്നുള്ള ഡ്രോൺ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 9.35 ഓടെയാണ് സംഭവം. ഇതിന് പിന്നാലെ സ്ഥലത്ത് വ്യാപകമായി തെരച്ചിൽ തുടങ്ങിയെന്ന് സൈനിക കേന്ദ്രങ്ങളിൽ നിന്ന് അറിയിച്ചിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

സാംബ ജില്ലയിലെ ബാരി ബ്രാഹ്മണ പ്രദേശത്ത് സൈനിക താവളത്തിന് മുകളിലായാണ് ഡ്രോൺ കണ്ടെത്തിയത്. ആകാശത്ത് ഭൂനിരപ്പിൽ നിന്നും 700 മീറ്റർ ഉയരത്തിലാണ് ഡ്രോൺ ഉണ്ടായിരുന്നത്. പടിഞ്ഞാറ് ദിശയിൽ നിന്ന് കിഴക്കോട്ടേക്ക് നീങ്ങുകയായിരുന്ന ഡ്രോണാണിത്. ഡ്രോൺ ശ്രദ്ധയിൽപെട്ടതിന് പിന്നാലെ പ്രദേശത്ത് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ സൈന്യത്തിൻ്റെ ദ്രുത കർമ സേനാംഗങ്ങൾ രംഗത്തിറങ്ങുകയും ചെയ്തു.

അതേസമയം ഡ്രോൺ വെടിവച്ചിട്ടതായി വിവരമില്ല. ആയുധങ്ങളോ മയക്കുമരുന്നോ കടത്തിയതാവാമെന്ന സംശയം സൈനിക കേന്ദ്രങ്ങൾക്കുണ്ട്. മേഖലയിൽ ജമ്മു കശ്മീർ പൊലീസിൻ്റെ കൂടി സഹായത്തോടെ സൈന്യം വ്യാപകമായ തെരച്ചിൽ നടത്തുകയാണെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

YouTube video player