പാകിസ്ഥാന്‍റെ നട്ടെല്ലാണ് കറാച്ചി തുറമുഖവും കറാച്ചി നഗരവും. പാകിസ്ഥാന്‍റെ നികുതി വരുമാനത്തിന്‍റെ 35 ശതമാനവും നല്‍കുന്ന നഗരമാണ് കറാച്ചി.
ദില്ലി: കറാച്ചി തുറമുഖത്ത് ഇന്നലെ രാത്രി ഇന്ത്യൻ സേന മിസൈല്‍ ആക്രമണം നടത്തിയെന്ന വാര്‍ത്ത തള്ളി പാകിസ്ഥാന്‍. എന്നാല്‍ കറാച്ചിയെ ഇന്നലെ ആക്രമിച്ചെന്നോ ഇല്ലെന്നോ ഇന്ത്യ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പാക്കിസ്ഥാനിലെ തന്ത്ര പ്രധാന നഗരമായ കറാച്ചിയെ വീഴ്ത്തിയാണ് 1971ലെ യുദ്ധത്തില്‍ ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തത്.
പാകിസ്ഥാന്‍റെ നട്ടെല്ലാണ് കറാച്ചി തുറമുഖവും കറാച്ചി നഗരവും. പാകിസ്ഥാന്‍റെ നികുതി വരുമാനത്തിന്‍റെ 35 ശതമാനവും നല്‍കുന്ന നഗരമാണ് കറാച്ചി. തുറമുഖമാണ് പ്രധാന വരുമാനം. പാകിസ്ഥാന്‍റെ വ്യാപാരത്തിന്‍റെ 60 ശതമാനത്തോളം ഈ തുറമുഖം വഴിയാണ് നടക്കുന്നത്. പാകിസ്ഥാനിലെ പ്രധാന റിഫൈനറിയും കറാച്ചിയിലാണ്. കറാച്ചി തുറമുഖം തകര്‍ന്നാല്‍ പാകിസ്ഥാന് വലിയ ആഘാതമാകുമെന്ന് സൈനിക കേന്ദ്രങ്ങള്‍ നേരത്തെ തന്നെ വിലയിരുത്തിയതാണ്. 1971ലെ യുദ്ധത്തില്‍ പാക്കിസ്ഥാനെ ഇന്ത്യ മുട്ടുകുത്തിച്ചത് കറാച്ചിയെ വീഴ്ത്തിക്കൊണ്ടാണ്. അന്ന് ഇന്ത്യൻ നാവിക സേന നടത്തിയ മിന്നല്‍ ആക്രമണത്തില്‍ കറാച്ചി തുറമുഖത്തിന് കാര്യമായ കേടുപറ്റി. തുറമുഖത്തുണ്ടായിരുന്ന നിരവധി കപ്പലുകള്‍ ഇന്ത്യൻ നാവിക സേന കടലില്‍ മുക്കിക്കളഞ്ഞു. അന്നത്തെ സോവിയറ്റ് യൂണിയനില്‍ നിന്നും നാവിക സേന വാങ്ങിയ മിസൈല്‍ ബോട്ടുകളാണ് ഇതിനായി ഉപയോഗിച്ചത്.
മലയാളിയായ ക്യാപ്ടന്‍ കെകെ നായരുടെ നേതൃത്വത്തിലായിരുന്നു അന്ന് നാവിക സേന സംഘം മിസൈല്‍ ബോട്ട് യുദ്ധ രീതി പരിശീലിക്കാന്‍ സോവിയറ്റ് യൂണിയനില്‍ പോയത്. അന്നത്തെ നാവിക സേന മേധാവിയായിരുന്ന അഡ്മിറല്‍ എസ്എം നന്ദ ദി മാന്‍ ഹൂ ബോംബ്ഡ് കറാച്ചി എന്ന ആത്മകഥയില്‍ കറാച്ചി തുറമുഖം ആക്രമിച്ച സംഭവങ്ങള്‍ വിശദീകരിക്കുന്നുമുണ്ട്. നാവിക സേനയുടെ കറാച്ചി ആക്രമണം നിരവധി ബോളിവുഡ് സിനിമകൾക്കും വിഷയമായിട്ടുണ്ട്.


