ചൈന ബ്രഹ്മപുത്രയിലെ വെള്ളം തടഞ്ഞാൽ ഇന്ത്യയ്ക്ക് ഗുണമേയുള്ളൂവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ സിന്ധു നദീജല കരാർ റദ്ദാക്കിയതിന് പിന്നാലെ ബ്രഹ്മപുത്രയെ ചൂണ്ടിക്കാട്ടി ഭീഷണിയുമായി പാകിസ്ഥാൻ. ചൈന ബ്രഹ്മപുത്രയിലെ ജലം തടഞ്ഞാൽ ഇന്ത്യ എന്തുചെയ്യും എന്നാണ് പാക് ഭീഷണി. അങ്ങനെ ചെയ്താൽ ഇന്ത്യയ്ക്ക് ഗുണമേയുള്ളൂവെന്ന് കണക്ക് നിരത്തി മറുപടി നൽകിയിരിക്കുകയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.
ബ്രഹ്മപുത്ര ഇന്ത്യയിൽ വ്യാപിച്ചു കിടക്കുന്ന നദിയാണെന്നും ഇന്ത്യയിലേക്കുള്ള ഒഴുക്ക് തടയാൻ ചൈനയ്ക്ക് കഴിയില്ലെന്നും ഹിമന്ത ബിശ്വ ശർമ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി. നദിയുടെ മൊത്തം ഒഴുക്കിന്റെ ഏകദേശം 30 മുതൽ 35 ശതമാനം വരെ മാത്രമേ ചൈനയിൽ നിന്നുള്ളൂ. നദിയുടെ ശേഷിക്കുന്ന 65 മുതൽ 70 ശതമാനം വരെ മൺസൂൺ മഴയിലൂടെയും വടക്കുകിഴക്കൻ മേഖലയിലെ അതിന്റെ നിരവധി പോഷക നദികളിൽ നിന്നുള്ള ഒഴുക്കിലൂടെയുമാണ് ഉണ്ടാകുന്നത് എന്ന് അസം മുഖ്യമന്ത്രി വിശദമാക്കി.
ഇന്തോ-ചൈന അതിർത്തിയിൽ നദിയുടെ ഒഴുക്ക് സെക്കൻഡിൽ ശരാശരി 2,000 മുതൽ 3,000 ക്യുബിക് മീറ്ററിന് ഇടയിലാണ്. എന്നാൽ മൺസൂൺ സമയത്ത് അസമിൽ ഇത് സെക്കൻഡിൽ 15,000-20,000 ക്യുബിക് മീറ്ററായി വർദ്ധിക്കുന്നു. ഇത് നദിയുടെ ഒഴുക്കിൽ ഇന്ത്യയുടെ സംഭാവനയുടെ തെളിവാണ്. മഴയെ ആശ്രയിച്ചുള്ള നദീതട സംവിധാനമാണ് ബ്രഹ്മപുത്ര. ഇന്ത്യയിലേക്ക് പ്രവേശിച്ചതിനു ശേഷം നദിയുടെ ഒഴുക്ക് ശക്തിപ്പെടുകയാണ് ചെയ്യുന്നതെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.
ചൈന ബ്രഹ്മപുത്രയിലെ ജലം തടയുമെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ഇനി ചൈന വെള്ളത്തിന്‍റെ ഒഴുക്ക് നിയന്ത്രിച്ചാൽ പോലും അത് ഇന്ത്യയ്ക്ക് ഗുണകരമാകുമെന്നാണ് അസം മുഖ്യമന്ത്രിയുടെ മറുപടി. അസമിൽ ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകളെ കുടിയിറക്കുന്ന വെള്ളപ്പൊക്കം ലഘൂകരിക്കാൻ കഴിയുമെന്നാണ് ഹിമന്ത ബിശ്വ ശർമയുടെ വാദം. ചൈന ബ്രഹ്മപുത്ര സംബന്ധിച്ച് ഒരു പരാമർശവും നടത്തിയിട്ടില്ലെന്നിരിക്കെ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ ഭയപ്പെടുത്താൻ നോക്കുകയാണ് പാകിസ്ഥാനെന്നും അദ്ദേഹം വിമർശിച്ചു.


