ലാൻഡിങ്ങിന് തൊട്ടുപിന്നാലെ വിമാനത്തിൻ്റെ എമർജൻസി എക്സിറ്റ് തുറന്ന് പുറത്തേക്ക് ചാടി യാത്രക്കാരൻ. ചെന്നൈ വിമാനത്താവളത്തിൽ ഞായറാഴ്ച പുലർച്ചെ ആണ് സംഭവം. 34കാരനായ യുവാവാണ് ടാക്സിവേയിലേക്ക് ചാടിയത്. സംഭവത്തിൽ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. 

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് യാത്രക്കാരൻ. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ എമർജൻസി എക്സിറ്റ് തുറന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിൻ്റെ പ്രധാന റൺവേ താൽക്കാലികമായി അടച്ചതിനാൽ ഒന്നിലധികം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. പുതുക്കോട്ട സ്വദേശിയായ 34കാരനാണ് വിമാനത്തിൽനിന്ന് ചാടിയതെന്നാണ് റിപ്പോർട്ട്. ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് ചോദ്യംചെയ്തുവരികയാണ്. സംഭവത്തിൽ സുരക്ഷാ സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഞായറാഴ്ച പുലർച്ചെ 3:23 ഓടെയാണ് സംഭവം. ഷാർജയിൽനിന്നുള്ള എയർ അറേബ്യ ജി9-471 വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരനാണ് ലാൻഡിങ്ങിന് തൊട്ടുപിന്നാലെ എമർജൻസി എക്സിറ്റ് തുറന്ന് ടാക്സിവേ അഞ്ചിലേക്ക് ചാടിയത്. 231 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് തമിഴ് മാധ്യമത്തിന്റെ റിപ്പോർട്ട്. ലാൻഡിങ് നടന്ന് ഒരു മിനിറ്റിന് ശേഷമാണ് സംഭവമെന്നാണ് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ഉടൻതന്നെ പൈലറ്റ് വിമാനം നിർത്തിയ ശേഷം വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.

വിമാന ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് സിഐഎസ്എഫ് അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിന് അടുത്തേക്ക് പാഞ്ഞെത്തി. തുടർന്ന് യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറി. ഇയാൾ പോലീസ് കസ്റ്റഡിയിൽ തുടരുകയാണെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് താൽക്കാലികമായി അടച്ച റൺവേ പുലർച്ചെ 4:35ഓടെ തുറന്നു. പ്രധാന റൺവേ അടച്ചതിനെ തുടർന്ന് രണ്ടാമത്തെ റൺവേയിലേക്ക് ചില പ്രവർത്തനങ്ങൾ മാറ്റിയിരുന്നു.

പ്രധാന റൺവേ താൽക്കാലികമായി അടച്ചതിനാൽ കുറഞ്ഞത് അഞ്ച് വിമാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിട്ടുവെന്ന് അധികൃതർ അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ലണ്ടനിൽനിന്ന് വന്ന ബ്രിട്ടീഷ് എയർവേഴ്സ് ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് വിമാനത്തിൻ്റെ പൈലറ്റ് വിമാനത്താവള അധികൃതർ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.