ഇന്ത്യൻ റെയിൽവേ ട്രെയിനിൽ ഒരു യാത്രക്കാരൻ ആറ് മണിക്കൂറിലധികം ടോയ്ലറ്റിനുള്ളിൽ സ്വയം പൂട്ടിയിട്ടു. കുടുങ്ങിപ്പോയതാണെന്ന് കരുതി റെയിൽവേ ജീവനക്കാർ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും ഈ നാടകീയ സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ദില്ലി: ഇന്ത്യൻ റെയിൽവേയിൽ ഒരു യാത്രക്കാരൻ ആറു മണിക്കൂറിലധികം ട്രെയിനിലെ ടോയ്ലറ്റ് പൂട്ടിയിട്ട് അകത്തിരുന്നു. യാത്രക്കാരൻ അകത്തുനിന്ന് പൂട്ടിപ്പോയ വാതിൽ തുറക്കാൻ റെയിൽവേ ജീവനക്കാർ തീവ്രമായി ശ്രമിക്കുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. റെഡ്ഡിറ്റ് യൂസറാണ് ഈ വീഡിയോ പങ്കുവെച്ചത്. ആദ്യം ജീവനക്കാരും കാറ്ററിങ് സ്റ്റാഫും വാതിൽ തള്ളി തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് അവർ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് പൂട്ട് തുറക്കാൻ ശ്രമിച്ചു. ഈ ബഹളം മറ്റ് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ നിരവധി പേർ ചുറ്റും കൂടി.
സംശയം തോന്നിയതോടെ നാടകീയ രംഗങ്ങൾ
യാത്രക്കാരൻ ആറ് മണിക്കൂറിലധികമായി ടോയ്ലറ്റിനുള്ളിൽ ആണ്, ആശങ്കയുണ്ടാക്കുന്നതാണെന്ന് വീഡിയോയിൽ ജീവനക്കാർ പറയുന്നുണ്ടായിരുന്നു. "ഇതിനകത്ത് ഒരു യാത്രക്കാരനുണ്ട്. അദ്ദേഹം വളരെ നേരമായി ടോയ്ലറ്റിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണോ എന്ന് സംശയിക്കുന്നു. ഞങ്ങൾ അത് തുറക്കാൻ ശ്രമിക്കുന്നു," എന്ന് ഒരു ഉദ്യോഗസ്ഥനും പറയുന്നത് കേൾക്കാം.
എന്നാൽ, വീഡിയോയുടെ അവസാനത്തോടെയാണ്, യാത്രക്കാരൻ മനഃപൂർവം സ്വയം പൂട്ടിയിരിക്കുകയാണെന്ന് മനസ്സിലാക്കിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥർ, ഉടൻതന്നെ വാതിൽ തുറക്കാൻ അയാളോട് കടുപ്പിച്ചതോടെയാണ് നാടകീയ സംഭവം അവസാനിക്കുന്നത്. നിമിഷങ്ങൾക്കകം യാത്രക്കാരൻ പുറത്തുവന്നു. തുടർന്ന് ജീവനക്കാർ ഇയാളുടെ ചിത്രങ്ങൾ എടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.
അസാധാരണമായ ഈ സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾ നിരവധി കഥകളാണ് വിശദീകരിക്കുന്നത്. ചിലർ യാത്രക്കാരൻ മദ്യപിച്ച് ടോയ്ലറ്റിൽ കിടന്നുറങ്ങിയതാകാമെന്ന് ചില അഭിപ്രായപ്പെട്ടപ്പോൾ. മറ്റു ചിലർ ടിക്കറ്റ് ചെക്കറിൽ നിന്ന് രക്ഷപ്പെടാൻ മണിക്കൂറുകളോളം ഒളിച്ചിരുന്നതാകാം എന്നും ചിലര്‍ പറയുന്നു. അതേസമയം, വൈറൽ വീഡിയോയോട് ഇന്ത്യൻ റെയിൽവേ ഇതുവരെ പ്രതികരിച്ചിട്ടില്ല.


