വലിയൊരു തുക എങ്ങനെയാണ് പല ഇന്‍ഷുറന്‍സ് പോളിസികള്‍ക്കിടയില്‍ വീതിച്ചെടുക്കുക
മെഡിക്കല്‍ അത്യാഹിതങ്ങള്‍ ചിലപ്പോള്‍ തീര്‍ത്തും അപ്രതീക്ഷിതമായിരിക്കും. പലപ്പോഴും വലിയ ബില്ലുകളാണ് അത് ബാക്കിവെച്ച് പോകുന്നത്. ഓഫീസില്‍ നിന്നുള്ള ഗ്രൂപ്പ് ഇന്‍ഷുറന്‍സ്, കുടുംബത്തെ മുഴുവന്‍ കവര്‍ ചെയ്യുന്ന ഫ്‌ലോട്ടര്‍ പ്ലാന്‍, വ്യക്തിഗത ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാന്‍ എന്നിങ്ങനെ പലതരം ഇന്‍ഷുറന്‍സുകള്‍ ഉണ്ടെങ്കില്‍ വലിയ ബില്ലുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാം എന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും. എന്നാല്‍ ഇവിടെ ഒരു വലിയ ചോദ്യമുണ്ട്: നിങ്ങളുടെ ഒരു ഇന്‍ഷുറന്‍സ് പ്ലാന്‍ കൊണ്ട് മുഴുവന്‍ ബില്ലും അടയ്ക്കാന്‍ പറ്റിയില്ലെങ്കില്‍, ഒന്നിലധികം പോളിസികള്‍ ഉപയോഗിച്ച് ബില്‍ തീര്‍ക്കാന്‍ കഴിയുമോ? തീര്‍ച്ചയായും കഴിയും എന്നാണ് ഉത്തരം. എങ്കിലും അടുത്ത ചോദ്യം, വലിയൊരു തുക എങ്ങനെയാണ് പല ഇന്‍ഷുറന്‍സ് പോളിസികള്‍ക്കിടയില്‍ വീതിച്ചെടുക്കുക എന്നതാണ്. പലര്‍ക്കും ഈ കാര്യത്തില്‍ വലിയ ആശയക്കുഴപ്പമുണ്ട്. ക്ലെയിം എങ്ങനെ വീതിക്കാമെന്നും പരമാവധി പണം എങ്ങനെ തിരികെ നേടാമെന്നും നോക്കാം.
വലിയൊരു ആശുപത്രി ബില്‍ വരുമെന്ന് മുന്‍കൂട്ടി അറിയാമെങ്കില്‍ (ഉദാഹരണത്തിന്, നീണ്ട ആശുപത്രിവാസം), എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളെയും മുന്‍കൂട്ടി അറിയിക്കുന്നത് നല്ലതാണ്. ഇത് അപ്രതീക്ഷിത തടസങ്ങളും ക്ലെയിം നിരസിക്കലും ഒഴിവാക്കാന്‍ സഹായിക്കും. ഐആര്‍ഡിഎഐ നിയമം അനുസരിച്ച് ഇത് നിര്‍ബന്ധവുമാണ്.
ഒരു വലിയ ഹെല്‍ത്ത് ക്ലെയിം 3 വ്യത്യസ്ത ഇന്‍ഷുറന്‍സ് പോളിസികളായി എങ്ങനെ വീതിക്കാം?
നിങ്ങള്‍ക്ക് 70 ലക്ഷം രൂപയുടെ ബില്‍ അടയ്ക്കാനുണ്ടെന്ന് കരുതുക. നിങ്ങളുടെ കൈവശം 3 വ്യത്യസ്ത പോളിസികളുണ്ട്, അവ താഴെ പറയുന്നവയാണ്:
വ്യക്തിഗത പ്ലാന്‍: 35 ലക്ഷം രൂപ സം അഷ്വേര്‍ഡ്. കോ-പേമെന്റ് ക്ലോസ് ഇല്ല.
ഫാമിലി ഫ്‌ലോട്ടര്‍ പ്ലാന്‍: 25 ലക്ഷം രൂപ സം അഷ്വേര്‍ഡ്. നിങ്ങള്‍ക്കും പങ്കാളിക്കും കുട്ടികള്‍ക്കും പൊതുവായ കവര്‍. കോ-പേമെന്റ് ക്ലോസ് ഇല്ല.
തൊഴിലുടമയുടെ (ഗ്രൂപ്പ്) പ്ലാന്‍: 20 ലക്ഷം രൂപ സം അഷ്വേര്‍ഡ്. നിങ്ങള്‍ക്കും പങ്കാളിക്കും കവര്‍. 10% കോ-പേമെന്റ് ഉണ്ട്.
ആദ്യം, നിങ്ങളുടെ തൊഴിലുടമയുടെ (ഗ്രൂപ്പ്) പ്ലാന്‍ ഉപയോഗിക്കാം. മറ്റ് എല്ലാ വ്യവസ്ഥകളും പാലിക്കുകയാണെങ്കില്‍, 10% കോ-പേയ്മെന്റ് വ്യവസ്ഥ കാരണം തൊഴിലുടമയുടെ പ്ലാന്‍ 18 ലക്ഷം രൂപ കവര്‍ ചെയ്യും. അപ്പോള്‍ നിങ്ങള്‍ക്ക് 52 ലക്ഷം രൂപയുടെ ബില്ലുകള്‍ ബാക്കിയുണ്ടാകും.
അടുത്തതായി, നിങ്ങളുടെ ഫാമിലി ഫ്‌ലോട്ടര്‍ പ്ലാനില്‍ നിന്ന് 25 ലക്ഷം രൂപ ക്ലെയിം ചെയ്യാം. ഇവിടെ കോ-പേയ്മെന്റ് വ്യവസ്ഥ ഇല്ലാത്തതുകൊണ്ട്, നിങ്ങള്‍ക്ക് മുഴുവന്‍ തുകയും ക്ലെയിം ചെയ്യാം. അപ്പോള്‍ 27 ലക്ഷം രൂപയുടെ ബില്ലുകള്‍ ബാക്കിയാകും. ഈ തുക നിങ്ങളുടെ വ്യക്തിഗത പ്ലാനില്‍ നിന്ന് ക്ലെയിം ചെയ്യാം. അതിനുശേഷവും നിങ്ങളുടെ കവര്‍ തുകയില്‍ 8 ലക്ഷം രൂപ ബാക്കിയുണ്ടാകും, അത് പോളിസി കാലയളവില്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാം.
ഒന്നിലധികം ക്ലെയിം : ഓര്‍ക്കേണ്ട കാര്യങ്ങള്‍
ഒരേ ആശുപത്രിവാസത്തില്‍ ഒന്നിലധികം ക്ലെയിമുകള്‍ വരുമ്പോള്‍, മുഴുവന്‍ ചികിത്സയും ക്യാഷ്-ലെസ്സ് ആയി നടത്താന്‍ സാധാരണയായി സാധിക്കാറില്ല. അതിനാല്‍, ചികിത്സ തുടങ്ങാന്‍ ഒരു പോളിസി ക്യാഷ്-ലെസ്സ് ആയി ഉപയോഗിക്കാം. അതിന്റെ പരിധി കഴിഞ്ഞാല്‍, ബാക്കി തുക സ്വന്തം കയ്യില്‍ നിന്ന് നല്‍കേണ്ടി വന്നേക്കാം. പിന്നീട്, റീഇംബേഴ്‌സ്‌മെന്റ് വഴിയുള്ള ക്ലെയിം ഉപയോഗിച്ച് മറ്റ് ഇന്‍ഷുറര്‍മാരില്‍ നിന്ന് ബാക്കി തുക തിരികെ നേടാം.
എത്ര ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ ഉണ്ടായിരിക്കണം?
ഐആര്‍ഡിഎഐ ഒന്നിലധികം പോളിസികള്‍ അനുവദിക്കുന്നുണ്ടെങ്കിലും, കൂടുതല്‍ എന്നത് എല്ലായ്‌പ്പോഴും നല്ലതല്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. മിക്കവരും പരമാവധി 2-3 ഹെല്‍ത്ത് കവറുകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.


