മുംബൈ: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് രാജ്യത്തെ പൊലീസ് സേന നടത്തിവരുന്നത്. നിർദ്ദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങുന്നവരെ കൊണ്ട് ഏത്തമിടീൽ, സൈക്കിൾ ചുമക്കുക, തടങ്ങിയവ ചെയ്യിപ്പിച്ച വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. അത്തരത്തിൽ ലോക്ക് ഡൗൺ ലംഘിച്ചവരെ കൊണ്ട് യോ​ഗ ചെയ്യിക്കുകയാണ് ഇപ്പോൾ പൊലീസ്. സംഭവത്തിന്റെ വീഡിയോ സമൂ​ഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുകയാണ്.

മഹാരാഷ്ട്രയിലെ പൂനെയിലുള്ള ബിബ്‌വേവാടി എന്ന പ്രദേശത്ത് നിന്നുള്ളതാണ് വീഡിയോ. ലോക്ക്ഡൗണ്‍ ലംഘിച്ച് പ്രഭാത നടത്തത്തിന് പോയ ആളുകളെയാണ് പൊലീസ് റോഡില്‍ യോഗ പരിശീലനത്തിന് വിധേയരാക്കിയത്. വാർത്താ ഏജൻസിയായ എഎൻഐ ആണ് സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയില്‍ സ്ത്രീകളും പുരുഷന്മാരും അടങ്ങിയ ഇരുപതോളം പേരെ കാണാം. ഇവരെ വരിയായി നിര്‍ത്തി പൊലീസ് യോഗ ചെയ്യിക്കുന്നതും കാണാം.

അതേസമയം, മഹാരാഷ്ട്രയില്‍ ഇതുവരെ 3000 ലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 295 പേര്‍ രോഗമുക്തി നേടി. കൊറോണവ്യാപനം നിയന്ത്രിക്കാന്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയിട്ടുണ്ട്.