ദില്ലി: ശബരിമല യുവതീ പ്രവേശന വിഷയം സുപ്രീം കോടതിയുടെ ഏഴംഗ ബഞ്ച് ജനുവരിയിൽ പരിഗണിച്ചേക്കും. സുപ്രീംകോടതി പുറത്തിറക്കിയ നോട്ടീസിലാണ് ഈ സൂചന നൽകിയത്. കക്ഷികൾ നാലു സെറ്റ് രേഖകൾ കൂടി കോടതിയിൽ നൽകണമെന്ന് രജിസ്ട്രിയുടെ നോട്ടീസ് പറയുന്നു. ഉടൻ ഹാജരാക്കാനാണ് നിർദേശം. 

ഏഴംഗ ബഞ്ച് ഇതുവരെ ചീഫ് ജസ്റ്റിസ് രൂപീകരിച്ചിട്ടില്ല. ഏഴു പ്രധാന ചോദ്യങ്ങളാണ് പുനഃപരിശോധനാ ഹർജി പരിഗണിച്ച അഞ്ചംഗ ബഞ്ച് ഏഴംഗ ബഞ്ചിന് വിട്ടത്. മതസ്വാതന്ത്ര്യം, തുല്യത എന്നിവ വ്യക്തമാക്കുന്ന ഭരണഘടനാ അനുച്ഛേദങ്ങൾ തമ്മിലുള്ള പാരസ്പര്യം, ഭരണഘടനാ ധാർമ്മികതയുടെ വ്യഖ്യാനം, 'ഒരു വിഭാഗം ഹിന്ദുക്കൾ' എന്ന ഇരുപത്തിയഞ്ചാം അനുച്ഛേദത്തിലെ പരാമർശത്തിന്‍റെ വ്യഖ്യാനമെന്ത് തുടങ്ങിയ ചോദ്യങ്ങളാണ് ബഞ്ച് ഉന്നയിച്ചത്. ഏഴംഗ ബഞ്ചിന്‍റെ തീരുമാനം വന്ന ശേഷം യുവതീ പ്രവേശനത്തിന് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കാം എന്നാണ് കോടതി നിലപാട്. 

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം ഗൗരവമുള്ളതാണെന്നും സ്ഥിതി വഷളാക്കാൻ കോടതി ഉദ്ദേശിക്കുന്നില്ലെന്നുമാണ് സുപ്രീംകോടതി ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും നൽകിയ ഹർജികൾ പരിഗണിക്കവേ വ്യക്തമാക്കിയിരുന്നു. യുവതീ പ്രവേശന വിഷയം വിശാല ബെഞ്ചിന് വിട്ടതല്ലേ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. രാജ്യത്തിന്‍റെ ഇന്നത്തെ അവസ്ഥ സ്ഫോടനാത്മകമാണ്, അക്രമം ഉണ്ടാക്കാൻ കോടതി ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി.

യുവതീ പ്രവേശനം വിശാല ബെഞ്ച് പരിഗണിക്കട്ടെ, അത് വരെ സമാധാനമായി ഇരിക്കു എന്നും സുപ്രീംകോടതി ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടു. അന്തിമ ഉത്തരവ് നിങ്ങൾക്ക് അനുകൂലം ആണെങ്കിൽ ഞങ്ങൾ സംരക്ഷണം നൽകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പൊലീസ് സുരക്ഷ ആവശ്യമില്ലെങ്കിൽ പോയ്‍ക്കോളൂ, അതല്ലാതെ സുരക്ഷ നൽകാനായി ഇപ്പോൾ ഉത്തരവ് നൽകാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. 

ശബരിമല വിഷയം വിപുലമായ ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തിൽ 2018 ലെ വിധി അവസാനവാക്കല്ല എന്ന് ഇരുവരുടെയും  ചീഫ് ജസ്റ്റിസ് പരാമര്‍ശം നടത്തിയിരുന്നു.