ദില്ലി: രാജ്യത്ത് ലോക്ക്ഡൗൺ നീട്ടിയെന്ന് സ്ഥിരീകരിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പ്രധാനമന്ത്രി ഉചിതമായ തീരുമാനം എടുത്തെന്ന് കെജ്രിവാൾ ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇന്ന്, വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സ്ഥാനം മികച്ചതാണ്. കാരണം നമ്മൾ നേരത്തെ ലോക്ക്ഡൗൺ ആരംഭിച്ചു. അത് ഇപ്പോൾ അവസാനിപ്പിക്കുകയാണെങ്കിൽ ഇതുവരെയുള്ള നേട്ടങ്ങളെല്ലാം നഷ്ടപ്പെടുമെന്നും ദില്ലി മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി  വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് കൊവിഡ് വ്യാപനം തടയാൻ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ ധാരണയായത്. എന്നാൽ ഇക്കാര്യം ഇതുവരേയും ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. രാജ്യത്ത് ലോക്ക് ഡൗൺ നീട്ടണമെന്നാണ് മിക്ക സംസ്ഥാനങ്ങളും അഭിപ്രായപ്പെട്ടതായാണ് വിവരം. അതേ സമയം ചില മേഖലകൾക്ക് കൂടി ഇളവ് നല്കാൻ സാധ്യതയുണ്ടെന്ന സൂചനയും ഉണ്ട്.  ഇത് സംബന്ധിച്ച വിശദമായ പുതിയ ഉത്തരവ് പുറത്തിറങ്ങേണ്ടതുണ്ട്. ഇക്കാര്യങ്ങൾ പ്രധാനമന്ത്രി വിശദീകരിക്കാനും സാധ്യതയുണ്ട്. 

ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടാൻ ധാരണ; പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഇന്നുണ്ടായേക്കും