'ഇഡിയെ ഭയന്ന് തുടങ്ങി, മുഖ്യമന്ത്രിയുടെ ദുബായ് ബന്ധം വെളിവാക്കണം'; 'മഹാദേവ് ആപ്പിൽ' ബാഗേലിനെതിരെ മോദി
ആരോപണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയേയും സമീപിക്കുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

ദില്ലി : ഛത്തീസ്ഘട്ട് മുഖ്യമന്ത്രി ഭൂപേഷ് സിംഗ് ബാഗേലിനെതിരെ മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട് ഇഡി ഉന്നയിച്ച ആരോപണം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ബാഗേല്‍ ഇഡിയെ ഭയന്ന് തുടങ്ങിയെന്ന് പരിഹസിച്ച മോദി മുഖ്യമന്ത്രിയുടെ ദുബായ് ബന്ധം വെളിവാക്കണമെന്നും ആവശ്യപ്പെട്ടു. ആരോപണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയേയും സമീപിക്കുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാദേവ് ആപ്പിന്‍റെ ഉടമകള്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിവാദത്തിലേക്ക് ഛത്തീസ് ഘട്ട് മുഖ്യമന്ത്രിയേയും ഇഡി എത്തിച്ചത്. 508 കോടി രൂപ ആപ്പ് പ്രമോട്ടര്‍മാര്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് നല്‍കിയിട്ടുണ്ടെന്നാണ് ഇഡിയുടെ വാദം. കണക്കില്‍ പെടാത്ത അഞ്ചരക്കോടി രൂപയുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായ അസിംദാസ് എന്നയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ റഡാറിലേക്ക് ബാഗേലിനെ കൊണ്ടുവന്നത്. ഇഡിയുടെ വാദം ഏറ്റെടുത്ത ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി ദുബായ് നിന്ന് മഹാദേവ് ആപ്പിന്‍റെ പ്രമോട്ടറായ ശുഭം സോനെന്നയാള്‍ ബാഗേലിന് അസിംദാസ് മുഖേനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊടുത്ത് വിട്ട പണമാണ് പിടികൂടിയതെന്ന് രാവിലെ വാര്‍ത്താ സമ്മേളനം വിളിച്ച് ആരോപിച്ചു. പിന്നാലെ ഛത്തീസ് ഘട്ടില്‍ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി കോണ്‍ഗ്രസിന്‍റെ ദുബായ് ബന്ധം വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു.
പാർട്ടിയെ ധിക്കരിച്ച് 'കേരളീയ'ത്തിൽ മണിശങ്കർ അയ്യർ, പ്രതികരിച്ച് വി ഡി സതീശൻ
തന്‍റെ പ്രതിച്ഛായ തകര്‍ക്കാുള്ള ശ്രമമാണെന്ന് ഭൂപേഷ് ബാഗേല്‍ പ്രതികരിച്ചു. ഇഡിയെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയം കളിക്കുന്നുവെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. തെരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും ഇഡി വലവിരിച്ചിക്കുകയാണ്. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന്‍റെ മകന്‍ വൈഭവ് ഗലോട്ടിനെ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന കേസില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് മഹാദേവ് ആപ്പ് കേസിലേക്ക് ഛത്തീസ് ഘട്ട് മുഖ്യമന്ത്രിയെയും എത്തിച്ചിരിക്കുന്നത്.