പഹൽഗാം ആക്രമണത്തിനുള്ള തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാൻ സേനകൾക്ക് പൂർണ്ണ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി
ദില്ലി: ബൈസരൺവാലിയിൽ വിനോദസഞ്ചാരികളടക്കം 26 പേരെ കൂട്ടക്കൊല ചെയ്ത ഭീകാരക്രമണത്തിന് തിരിച്ചടിക്കാൻ സൈന്യങ്ങൾക്ക് പൂർണ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാനാണ് സേനകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നത തല യോഗത്തിന് ശേഷമാണ് പ്രതികരണം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, കര-വ്യോമ-നാവിക സേനകളുടെ മേധാവിമാരും യോഗത്തിൽ പങ്കെടുത്തിരുന്നു. പിന്നാലെയാണ് പ്രധാനമന്ത്രി മൂന്ന് സൈനിക വിഭാഗങ്ങൾക്കും പൂർണ സ്വാതന്ത്ര്യം നൽകിയെന്ന് പ്രഖ്യാപിച്ചത്.



