പാർലമെൻ്റിൽ യുവ എംപിമാർക്ക് പ്രസംഗിക്കാനുള്ള അവസരം കുറയുന്നതിൽ ആശങ്ക പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവർക്ക് കൂടുതൽ അവസരങ്ങൾ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിനെതിരെ നിശിതമായി വിമർശിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചത്
ദില്ലി: ശീതകാല സമ്മേളനത്തിൻ്റെ ആദ്യ ദിനത്തിൽ, ഏറെക്കാലമായി തൻ്റെ മനസിലുള്ള ആശങ്ക വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സഭയിലെ പുതുമുഖങ്ങളും യുവാക്കളുമായ അംഗങ്ങൾക്ക് സംസാരിക്കാൻ അവസരം കിട്ടുന്നത് കുറവാണെന്നും, അവർക്ക് കൂടുതൽ അവസരം നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏറെക്കാലമായി തനിക്കുള്ള ആശങ്കയാണിതെന്ന് പറഞ്ഞ പ്രധാനമന്ത്രി, എല്ലാ പാർട്ടികളിൽ നിന്നും യുവ അംഗങ്ങൾക്ക് കൂടുതൽ അവസരം നൽകേണ്ടതുണ്ടെന്നും പറഞ്ഞു.
യുവാക്കളും പുതുമുഖങ്ങളുമായ എംപിമാർക്ക് തങ്ങളുടെ മികവ് പ്രകടിപ്പിക്കാനും തങ്ങളുടെ മണ്ഡലത്തെ കുറിച്ച് സംസാരിക്കാനും കൂടുതൽ അവസരം ലഭിക്കാത്തതിൽ തനിക്ക് ഖേദമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്ര പുരോഗതിയുടെ ഭാഗമാകേണ്ടവരാണവർ. എന്നാൽ പലപ്പോഴും അഭിപ്രായം പ്രകടിപ്പിക്കാൻ ശ്രമിക്കുമ്പോഴും അവർക്ക് മുന്നിൽ തടസങ്ങളുണ്ടാകുന്നു. ഏത് പാർട്ടിയിൽ നിന്നായാലും ആദ്യമായി എംപിമാരാകുന്നവർക്ക് കൂടുതൽ അവസരം ലഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം പ്രതിപക്ഷത്തെയും അദ്ദേഹം നിശിതമായി വിമർശിച്ചു. പാർലമെൻ്റിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയും തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ നിരാശ മറച്ചുവെക്കാനുമായി ഉപയോഗിക്കുകയാണ് പ്രതിപക്ഷം എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷം തന്ത്രങ്ങൾ മാറ്റാൻ തയ്യാറാകണം. അതിന് വേണമെങ്കിൽ താൻ തന്നെ ഉപദേശങ്ങൾ നൽകാമെന്നും അദ്ദേഹം പറഞ്ഞു. ഈ ശീതകാല സമ്മേളനത്തിൽ കേന്ദ്രസർക്കാർ 14 ബില്ലുകൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണവും എസ്ഐആറിനെതിരായ പ്രതിഷേധവും പ്രതിപക്ഷം ശക്തമായി പാർലമെൻ്റിൽ ഉയർത്താനാണ് സാധ്യത.


