ജസ്റ്റിസ് ഇന്ദു മൽഹോത്ര സമിതി സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു; റിപ്പോർട്ട് കേന്ദ്ര സർക്കാരിന് കൈമാറാൻ സുപ്രീംകോടതി 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ ഉണ്ടായത് വലിയ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. സുരക്ഷാവീഴ്‌ച സംബന്ധിച്ച് അന്വേഷണം നടത്താൻ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ഇന്ദു മൽഹോത്ര സമിതി റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചു. ഫിറോസ്‍പൂർ എസ്എസ്‍പിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ യാത്രയെ കുറിച്ച് രണ്ട് മണിക്കൂർ മുന്നേ അറിയിപ്പ് നൽകിയിട്ടും, മതിയായ സുരക്ഷാ ഉദ്യോഗസ്ഥ‌ർ ഉണ്ടായിരുന്നിട്ടും, വേണ്ട മുൻകരുതൽ സ്വീകരിക്കുന്നതിൽ ഫിറോസ്‍പൂർ എസ്എസ്‍പിക്ക് വീഴ്ച സംഭവിച്ചെന്നാണ് സമിതിയുടെ കണ്ടെത്തൽ. ഇക്കാര്യം ചീഫ് ജസ്റ്റിസ് കോടതിയിൽ പരാമർശിച്ചു. റിപ്പോർട്ട് കേന്ദ്ര സർക്കാരിന് കൈമാറാൻ സുപ്രീംകോടതി നിർദേശിച്ചു. 

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായുള്ള 'ബ്ലൂ ബുക്ക്' പരിഷ്കരിക്കണമെന്ന് ജസ്റ്റിസ് ഇന്ദു മൽഹോത്ര സമിതി ശുപാർശ ചെയ്തു. പ്രധാനമന്ത്രിയുടെ സുരക്ഷ ക്രമീകരണം വർധിപ്പിക്കേണ്ടതുണ്ടെന്ന് സമിതി റിപ്പോർട്ട്. ജസ്റ്റിസ് ഇന്ദു മൽഹോത്രയ്ക്ക് പുറമേ, എൻഐഎ ഡയറക്ടർ ജനറൽ, ചണ്ഡീഗഡ് ഡിജിപി, പഞ്ചാബ്‌ എഡിജിപി (സുരക്ഷാ വിഭാഗം), പഞ്ചാബ്‌–ഹരിയാന ഹൈക്കോടതി രജിസ്‌ട്രാർ ജനറൽ എന്നിവരാണ് സമിതിയിൽ ഉണ്ടായിരുന്നത്. ഏത്‌ അളവിലുള്ള സുരക്ഷാവീഴ്‌ചയാണ്‌ സംഭവിച്ചത്‌, ആരൊക്കെയാണ്‌ ഉത്തരവാദി, ഭാവിയിൽ എന്ത്‌ മുൻകരുതൽ സ്വീകരിക്കണം... തുടങ്ങിയ വിഷയങ്ങളാണ് സമിതി പരിശോധിച്ചത്.

പഞ്ചാബിൽ ജനുവരി 5ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം നടുറോഡിൽ നിർത്തിയിടേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെ സുരക്ഷാ വീഴ്ചയെ ചൊല്ലി കേന്ദ്ര സർക്കാരും പഞ്ചാബ് സർക്കാരും തമ്മിൽ രൂക്ഷമായ വാദപ്രതിവാദം ഉണ്ടായി. ഇതിനു പിന്നാലെ സുപ്രീംകോടതിയെ സമീപിച്ച ‘ലോയേഴ്‌സ്‌ വോയ‍്‍സ്‌’ എന്ന സംഘടനയുടെ ഹർജിയിലാണ് അന്വേഷണത്തിനായി ചീഫ് ജസ്റ്റിസ് എൻ.വി.രമണ സ്വതന്ത്ര സമിതിയെ നിയോഗിച്ചത്.