പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിൽ. ചെന്നൈ മെട്രോ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു മോദി. പൂനമല്ലി മുതൽ വടപളനി വരെയുള്ള സർവീസ് ആണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനശേഷം പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്തു.

ചെന്നൈ: ചെന്നൈ മെട്രോയുടെ രണ്ടാംഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 4,900 കോടി രൂപയോളം ചെലവഴിച്ചു നിർമിച്ച പൂനമല്ലി മുതൽ വടപളനി വരെയുള്ള സർവീസ് ആണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് ശേഷം പോരൂർ ബൈപാസ് സ്റ്റേഷനിൽ നിന്ന് പൂനമല്ലി ബൈപാസ് സ്റ്റേഷനിലേക്കും തിരിച്ചും പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്തു. ക്യൂആർ കോഡ് സ്കാൻ ചെയ്ത് പണം നൽകി ടിക്കറ്റെടുത്ത ശേഷമായിരുന്നു മോദിയുടെ യാത്ര. മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 13,000 കോടി രൂപയുടെ വികസന പദ്ധതികൾ മോദി ഉദ്ഘാടനം ചെയ്യും

ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങിയ മോദിയെ ഗവർണറും മുഖ്യമന്ത്രിയും എത്തിയാണ് സ്വീകരിച്ചത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് ചെന്നൈ നഗരം. രാവിലെ എട്ടുമണിമുതൽ വൈകുന്നേരം നാലരവരെ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Scroll to load tweet…

ദേശീയപാത 744ൽ 36 കിലോമീറ്റർ ദൈർഘ്യമുള്ള വടുകപ്പെട്ടി - തെർക്കുവെങ്ങനല്ലൂർ നാലുവരിപ്പാത പ്രധാനമന്ത്രി നാടിന് സമർപ്പിക്കും. ഇതിനുപുറമെ, ദേശീയപാത 744എ-ൽ 30 കിലോമീറ്റർ വരുന്ന മധുര റിംഗ് റോഡും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ദേശീയപാത 83ലെ നാഗപട്ടണം-തഞ്ചാവൂർ ഭാഗത്ത് വരുന്ന തിരുവാരൂർ ബൈപാസിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. 750 കോടിയിലധികം രൂപയുടെ റെയിൽവേ അടിസ്ഥാന സൗകര്യ പദ്ധതികളും പ്രധാനമന്ത്രി നാടിന് സമർപ്പിക്കും. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ നവീകരിച്ച പളനി, വെല്ലൂർ കന്റോൺമെന്റ്, അംബാസമുദ്രം, പരമക്കുടി, നാമക്കൽ എന്നീ അഞ്ച് അമൃത് സ്റ്റേഷനുകളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

തമിഴ്‌നാട്ടിലെ തുറമുഖങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും ചരക്കുനീക്കം എളുപ്പമാക്കുന്നതിനുമായി നിരവധി പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും. ചെന്നൈയിലെ മണലിയിലുള്ള ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ റിഫൈനറിയിൽ ഗ്രൂപ്പ് II/III ലൂബ് ഓയിൽ ബേസ് സ്റ്റോക്ക് പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിടും.

ഐഐടി മദ്രാസിലെ സുധ ഗോപാലകൃഷ്ണൻ ബ്രെയിൻ സെന്റർ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഗർഭസ്ഥ ശിശു മുതൽ വാർധക്യം വരെയുള്ള മനുഷ്യന്റെ തലച്ചോറുകളെ ത്രീഡി അറ്റ്‌ലസുകളാക്കി മാറ്റുന്ന ആഗോള ശാസ്ത്ര ദൗത്യത്തിനും അദ്ദേഹം തുടക്കം കുറിക്കും. സ്ട്രോക്ക് ബാധിച്ച തലച്ചോറിന്റെ ആയിരത്തിലധികം മൈക്രോസ്കോപ്പിക് വിവരങ്ങൾ അടങ്ങിയ 'സി-സ്ട്രോക്ക്' എന്ന അറ്റ്‌ലസും അദ്ദേഹം പ്രകാശനം ചെയ്യും. ചെന്നൈയിലെ ജയ്ഗോപാൽ ഗരോഡിയ ഹിന്ദു വിദ്യാലയ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കും. സന്ദർശനത്തിനിടെ, ചെന്നൈയിലെ ജലകണ്ഡേശ്വർ ക്ഷേത്രത്തിൽ മോദി ദർശനം നടത്തും.