നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിന്നൽ പ്രളയത്തിൻ്റെ പശ്ചാത്തലത്തിലാണ് സംഭാഷണം. നേപ്പാളിന് സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകാൻ ഇന്ത്യ സന്നദ്ധമാണെന്നും മോദി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

ദില്ലി: നേപ്പാളിൽ വ്യാപക നാശം വിതച്ച മിന്നൽ പ്രളയത്തെ തുട‍ർന്ന് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി സംസാരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രളയത്തിൽ നിരവധി ജീവനുകൾ നഷ്ടപ്പെട്ടതിൽ മോദി അനുശോചനം അറിയിച്ചു. ഈ പ്രയാസകരമായ സമയത്ത് ഇന്ത്യയിലെ ജനങ്ങൾ നേപ്പാളിലെ തങ്ങളുടെ സഹോദരി സഹോദരന്മാർക്കൊപ്പം നിലകൊള്ളുന്നുവെന്ന് മോദി പറഞ്ഞു. നേപ്പാളിന് സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകാൻ ഇന്ത്യ സന്നദ്ധമാണെന്നും മോദി അറിയിച്ചു.

"ഈ പ്രയാസകരമായ സമയത്ത് ഇന്ത്യയിലെ ജനങ്ങൾ നേപ്പാളിലെ തങ്ങളുടെ സഹോദരി സഹോദരന്മാർക്കൊപ്പം ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു. നേപ്പാളിന് സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകാൻ ഇന്ത്യ സന്നദ്ധമാണ്. രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഞങ്ങളുടെ ടീമുകൾ പരസ്പരം ചേർന്ന് ഏകോപനത്തോടെ പ്രവർത്തിക്കുന്നുണ്ട്"- പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

ബുധനാഴ്ച രാവിലെ ഭോട്ടെ കോശി നദി കരകവിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിലാണ് വടക്കൻ നേപ്പാളിൽ വ്യാപക നാശം ഉണ്ടായത്. റസുവ ജില്ലയിലെ തിമൂർ, സമീപപ്രദേശമായ സ്യഫ്രുബെസി എന്നിവിടങ്ങളിലാണ് കനത്ത നാശം ഉണ്ടായത്. ഇതുവരെ 17 പേ‍ർ കൊല്ലപ്പെട്ടു. 105 ഇന്ത്യക്കാരടക്കം 400 ഓളം പേരെ കാണാതായി. കാണാതായവരിൽ ഭൂരിഭാ​ഗവും വിദേശികളാണ്. കൈലാസ മാനസസരോവർ യാത്രയ്ക്ക് എത്തിയ തീർ‌ത്ഥാടകരെയും കാണാതായി.

മേഖലയിൽ നിരവധി വാഹനങ്ങളും കെട്ടിടങ്ങളും ഉൾപ്പെടെ ഒലിച്ചുപോയി. അടിവാരത്തുള്ള ജില്ലകളിൽ അധികൃത‍ർ അതീവ ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നദീതീരങ്ങളോട് ചേർന്ന് താമസിക്കുന്നവർ സുരക്ഷിത മേഖലകളിലേക്ക് മാറിത്താമസിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. നേപ്പാൾ ആർമി, ആംഡ് പൊലീസ് ഫോഴ്സ്, നേപ്പാൾ പൊലീസ് തുടങ്ങിയ സേനകളെ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചു.