കർണാടകയിലെ ബെല്ലാരിയിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിറ്റ സംഘം പിടിയിൽ. ശ്രീദേവി എന്ന സ്ത്രീയെ കബളിപ്പിച്ചാണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്തത്.
ബെംഗളൂരു: കർണാടകയിലെ ബെല്ലാരിയിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിറ്റ സംഘം പിടിയിൽ. പരാതി കിട്ടിയതിന് പിന്നാലെ അന്വേഷണം ആരംഭിച്ച പൊലീസ് മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടി കുട്ടിയെ വീണ്ടെടുത്തു. ബെല്ലാരിയിൽ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിനായി കോർപ്പറേഷൻ ഓഫീസിൽ എത്തിയ ശ്രീദേവി എന്ന സ്ത്രീയെ കബളിപ്പിച്ചാണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്തത്. കുഞ്ഞു നഷ്ടപ്പെട്ട പരാതി കിട്ടിയതിന് പിന്നാലെ അന്വേഷണം ഊർജിതമാക്കിയ ബ്രൂസ്പേട്ട പൊലീസ് പ്രതികളെ പിടികൂടി, കുട്ടിയെ രക്ഷിച്ചു. ഷമീം എന്ന സ്ത്രീയും അവരുടെ ഭർത്താവ് ഇസ്മയിലും ബന്ധുവായ ബാഷയും കുഞ്ഞിനെ വാങ്ങിയ ബസവരാജുമാണ് പിടിയിലായത്.
കുഞ്ഞിനെ തട്ടിയെടുത്ത് വിൽപ്പന നടത്തുകയായിരുന്നുവെന്ന് പൊലീസ്
ബസവരാജിനും ഭാര്യക്കും കുഞ്ഞുങ്ങൾ ഇല്ലെന്ന് ബാഷയിൽ നിന്ന് മനസ്സിലാക്കിയ ഷമീമും ഇസ്മയിലും കുഞ്ഞിനെ തട്ടിയെടുത്ത് ഇവർക്ക് വിൽപ്പന നടത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. എത്ര രൂപയ്ക്കാണ് ഇവർ കുഞ്ഞിനെ കൈമാറിയത് എന്ന് വിവരം വ്യക്തമല്ല. പൊലീസ് പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്.
പൊലീസിൻ്റെ നിർണായക നീക്കം പ്രതികളെ പിടികൂടാൻ സഹായിച്ചു
ജനന സർട്ടിഫിക്കറ്റിനായി കോർപ്പറേഷൻ ഓഫീസിൽ എത്തിയ ശ്രീദേവിയോട് സർട്ടിഫിക്കറ്റ് വളരെ വേഗം ലഭ്യമാക്കി തരാമെന്ന് പറഞ്ഞാണ് ഷമീം ചങ്ങാത്തം സ്ഥാപിച്ചത്. ഇതിനിടെ ടോയ്ലറ്റിൽ പോകേണ്ടി വന്നപ്പോൾ കുഞ്ഞിനെ ശ്രീദേവി ഷമീമിനെ ഏൽപ്പിച്ചു. അവസരം മുതലെടുത്ത ഷമീം കുഞ്ഞുമായി മുങ്ങി. പരാതിയിൽ ബ്രൂസ്പേട്ട പൊലീസ് നടത്തിയ സമയോചിത ഇടപെടൽ ആണ് കുഞ്ഞിനെ വീണ്ടെടുക്കാൻ സഹായിച്ചത്.



