ദില്ലിയിൽ ക്ലബ്ബിൽവെച്ച് ഉണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച കൊലപ്പെടുത്തി. 29കാരനായ ദൽജീത്ത് സിങ് ആണ് കൊലപ്പെട്ടത്. ഭാര്യയുടെ മുഖത്ത് ബിയർ ഒഴിച്ചെന്ന് ആരോപിച്ച് ക്ലബ്ബ് മാനേജറും സംഘവും ചേർന്നാണ് യുവാവിനെ ക്രൂരമായി മർദിച്ചത്.

ദില്ലി: ദില്ലിയിൽ ബർത്ത്ഡേ പാർട്ടിക്കിടെ ഉണ്ടായ തർക്കത്തെ തുടർന്ന് ക്ലബ്ബ് മാനേജറും ഭാര്യയും ബൗൺസ‍ർമാരും ചേർന്ന് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. രഘുബീർ ന​ഗറിലെ ജെജെ കോളനി സ്വദേശിയായ ദൽജീത്ത് സിങ് (29) ആണ് കൊല്ലപ്പെട്ടത്. ബർത്ത്ഡേ പാർട്ടിക്കിടെ ഭാര്യയുടെ മുഖത്ത് ബിയ‍ർ ഒഴിച്ചെന്ന് ആരോപിച്ചുണ്ടായ തർ‌ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മർദനമേറ്റ യുവാവ് വീട്ടിൽ എത്തിയതിനെ തുടർന്ന് ഛർദ്ദിക്കുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു. സംഭവത്തിൽ ക്ലബ്ബ് മാനേജർ, ഭാര്യ, ബൗൺസ‍ർ അടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

നോ‍ർത്ത് ദില്ലിയിലെ സരായ് രോഹില്ലയിൽ ഞായറാഴ്ച രാവിലെ ആണ് സംഭവം. ന്യൂ റോത്തക്ക് റോഡിലെ ക്ലബ്ബിൽ സുഹൃത്തുക്കളായ അഞ്ചുപേ‍ർക്കൊപ്പം എത്തിയതായിരുന്നു ദൽജീത്ത് സിങ്. ബിയ‍ർ മുഖത്ത് ഒഴിച്ചെന്ന് ആരോപിച്ചുണ്ടായ തർക്കത്തിനിടെ ക്ലബ്ബ് ജീവനക്കാർ ചേർന്ന് ദൽജീത്തിനെയും സുഹൃത്തുക്കളെയും മർദിച്ചു. ഇതിന് ശേഷം ​ദൽജീത്തും സുഹൃത്തുക്കളും വീടുകളിലേക്ക് മടങ്ങി. വീട്ടിൽ എത്തിയതിനിടെ ദൽജീത്ത് ഛ‍ർദ്ദിച്ചതായും പിന്നീട് ഉറങ്ങാൻ കിടന്നതായും പൊലീസ് പറയുന്നു. ഞായറാഴ്ച ഉച്ചയോടെ യുവാവിൻ്റെ ആരോ​ഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

യുവാവിൻ്റെ മരണത്തെ തുടർന്ന് സിസിടിവി കാമറകൾ കേന്ദ്രീകരിച്ചു പരിശോധന നടത്തിയതോടെ ആണ് അക്രമ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. സംഭവത്തിൽ കൊലക്കുറ്റം, വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ്, അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ​ഗസ്റ്റ് ഓർ​ഗനൈസറായ ദിലാവർ, ക്ലബ്ബ് മാനേജർ സണ്ണി, മാനേജറുടെ ഭാര്യ ഹർഷിത, ക്ലബ്ബ് ജീവനക്കാരനായ ശ്രാവൺ കുമാർ, ബൗൺസർ വികാശ് ബല്യാൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ദൽജീത്തിനെ ഒരാൾ പിടിച്ചുവെക്കുകയും ശ്രാവൺ കുമാർ മർദിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദൽജീത്തിൻ്റെ വയറിനും കാലുകൾക്കും തലയ്ക്കും മർദനമേറ്റതായി സുഹൃത്ത് പറഞ്ഞു. ബൗൺസർമാർ കൂടി എത്തിയതോടെ സ്ഥിതി വഷളായി. ദൽജീത്തിൻ്റെ മുടിക്ക് പിടിച്ചു സ്ത്രീ വലിച്ചു. ബിയർ കുപ്പി കൊണ്ട് ആക്രമിച്ചുവെന്നും ഒരുമണിക്കൂറോളം മർദിച്ചുവെന്നും സുഹൃത്ത് പറഞ്ഞു. പ്രതികളിൽ ഒരാൾ തോക്കെടുത്ത് ഭീഷണിപ്പെടുത്തിയതായും സുഹൃത്ത് പറഞ്ഞു. ക്ലബ്ബ് അനുവദനീയമായ സമയപരിധി കഴിഞ്ഞ് പ്രവർത്തിച്ചിരുന്നതായും അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവറായിരുന്ന ദൽജീത്ത് സിങ്, ഭാര്യയും എട്ടു വയസ്സുകാരനായ മകനും അനുജനും ഉൾപ്പെടുന്ന കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു.