കർണാടകയിലെ ദാവൺഗരെയിൽ മകൾക്കെതിരായ പോക്സോ കേസിൽ പൊലീസ് നടപടിയെടുക്കാത്തതിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി. പ്രതി മുൻകൂർ ജാമ്യം നേടിയെന്ന കാരണത്താൽ പൊലീസ് അന്വേഷണം നിർത്തിവച്ചതാണ് പിതാവിനെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചത്.

കർണാടക: കർണാടകയിലെ ദാവൺഗരെയിൽ മകൾക്കെതിരായ പോക്സോ കേസിൽ പൊലീസ് നടപടി എടുക്കാത്തതിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി. ഓഗസ്റ്റ് 22ന് നൽകിയ പരാതിയിൽ ഒന്നര മാസത്തോളമായിട്ടും പൊലീസ് നടപടി എടുത്തില്ല എന്നാണ് ആക്ഷേപം. പൊലീസിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് ബന്ധുക്കൾ മൃതദേഹവുമായി ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസ് ഉപരോധിച്ചു. അതേസമയം പ്രതിസ്ഥാനത്തുള്ള യുവാവ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം.

മകൾക്ക് നീതി തേടി പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങിയ ഒരു പിതാവാണ് ദാവണഗെരെ ജില്ലയിലെ ചന്നഗിരിയിൽ ജീവനൊടുക്കിയത്. വീട്ടിന് സമീപത്തുള്ള തോട്ടത്തിലെ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വിവാഹ വാഗ്ദാനം നൽകി ആറ് വർഷത്തോളം മകളെ പീഡിപ്പിച്ച നവീൻ എന്ന യുവാവിനെതിരെ കഴിഞ്ഞ ഓഗസ്റ്റ് 22-ന് ഇദ്ദേഹം ചന്നഗിരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പീഡിപ്പിക്കപ്പെടുന്ന സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല എന്ന വ്യക്തമായതോടെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ കേസ് എടുത്ത് ഒന്നര മാസം പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. പ്രതി നവീൻ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയെന്ന് പറഞ്ഞ് അന്വേഷണം പൂർണമായും നിർത്തിവയ്ക്കുയായിരുന്നു പൊലീസ്. ഇതിനിടെ പെൺകുട്ടിയുടെ കുടുംബത്തെ പ്രതിയുടെ വീട്ടുകാർ ജാതീയമായി അധിക്ഷേപിക്കുകയും, കഴിഞ്ഞ സെപ്റ്റംബർ 30-ന് ഇവരുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി ഉയർന്നു. ഇക്കാര്യത്തിലും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ല. തുടർന്നാണ് പിതാവ് തോട്ടത്തിലെ മരത്തിൽ തൂങ്ങി മരിച്ചത്.

പോസ്റ്റ്മ‍ോർട്ടത്തിന് ശേഷം വിട്ടുകിട്ടിയ മൃതദേഹവുമായാണ് ബന്ധുക്കൾ എസ്പി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചത്. പൊലീസിന്റെ അനാസ്ഥയാണ് മരണകാരണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നുമായിരുന്നു ആവശ്യം. മുൻകൂർ ജാമ്യം നീക്കി കിട്ടാൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും പിതാവിന്റെ മരണത്തിൽ മറ്റൊരു കേസെടുത്ത് അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കിയതിന് ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.

YouTube video player