അമൃത്സറിലെ ഉദ്യോഗസ്ഥൻ്റെ ആത്മഹത്യയിൽ പഞ്ചാബ് മുൻ ഗതാഗത മന്ത്രി ലാൽജിത് സിങ് ഭുള്ളർക്കെതിരെ കേസ് എടുത്തു.വെയർഹൗസ് കോർപ്പറേഷൻ മാനേജർ ഗഗൻദീപ് സിങ് രൺധാവയുടെ ആത്മഹത്യയിലാണ് കേസെടുത്തത്.

അമൃത്സർ: പഞ്ചാബ് അമൃത്സറിലെ ഉദ്യോഗസ്ഥൻ്റെ ആത്മഹത്യയിൽ പഞ്ചാബ് മുൻ ഗതാഗത മന്ത്രി ലാൽജിത് സിങ് ഭുള്ളർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. വെള്ളിയാഴ്ച്ചയാണ് അമൃത്സറിലെ വെയർഹൗസ് കോർപ്പറേഷൻ മാനേജർ ഗഗൻദീപ് സിങ് രൺധാവ ആത്മഹത്യ ചെയ്തത്. മരണത്തിന് മുമ്പ് താൻ വിഷം കഴിച്ചുവെന്നും മന്ത്രി ലാൽജിത്തിനെ പേടിയുണ്ടെന്നും തനിക്ക് ഇനി രക്ഷപ്പെടേണ്ടെന്നും രൺധാവ പറയുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ മന്ത്രിക്കെതിരെ പ്രതിപക്ഷം രംഗത്ത് എത്തിയതോടെ മുഖ്യമന്ത്രി ഭഗവത് മൻ രാജി ആവശ്യപ്പെടുകയായിരുന്നു.

10 ലക്ഷം രൂപ കൈക്കൂലി വാങ്ങി വെയർ ഹൌസ് ടെൻഡർ മന്ത്രിയുടെ അച്ഛന് നൽകണം എന്നാവശ്യപ്പെട്ട് ഗഗൻദീപിന് മേൽ സമ്മർദ്ദം ഉണ്ടായിരുന്നുവെന്നാണ് വിവരം. പിന്നാലെ ടെൻഡർ നൽകാതെ വന്നതോടെ മന്ത്രിയും സംഘവും മാനസികമായും ശാരീരികമായും ഗഗൻദീപിനെ ഉപദ്രവിച്ചതാണ് ആത്മഹത്യക്ക് കാരണമെന്നാണ് ഗഗൻദീപിൻ്റെ ഭാര്യ നൽകിയ പരാതിയിൽ പറയുന്നത്. വിഷയത്തിൽ വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി ഭഗവത് മൻ ഉത്തരവിട്ടിട്ടുണ്ട്.