ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തി മതപ്രചാരണം നടത്തിയ മൂന്ന് അമേരിക്കൻ പൗരന്മാരോട് രാജ്യം വിട്ടുപോകാൻ പൂനെ പോലീസ് ഉത്തരവിട്ടു. വിസ നിബന്ധനകൾ ലംഘിച്ചതിനെ തുടർന്നാണ് ഇവർക്ക് മെയ് 10നകം രാജ്യം വിടാൻ 'ലീവ് ഇന്ത്യ നോട്ടീസ്' നൽകിയത്.
പൂനെ: ടൂറിസ്റ്റ് വിസയിലെത്തി മതപ്രചാരണം നടത്തിയെന്ന് കണ്ടെത്തിയ മൂന്ന് അമേരിക്കൻ പൗരന്മാരോട് ഇന്ത്യ വിട്ടുപോകാൻ പൂനെ സിറ്റി പൊലീസ് ഉത്തരവിട്ടു. 53, 65, 66 വയസ് പ്രായമുള്ള ഈ വിദേശികളോട് മെയ് 10നകം രാജ്യം വിടണമെന്നാണ് 'ലീവ് ഇന്ത്യ നോട്ടീസിലൂടെ' പൊലീസ് നിർദ്ദേശിച്ചിരിക്കുന്നത്. ഏപ്രിൽ 19-നും 21-നും ഇടയിൽ വിനോദസഞ്ചാരികളായി ഇന്ത്യയിലെത്തിയ ഇവർ വിസ നിബന്ധനകൾ ലംഘിച്ച് മതപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി അന്വേഷണത്തിൽ വ്യക്തമായി.
കഴിഞ്ഞ ശനിയാഴ്ച പൂനെയിലെ ശുക്രവാർ പേഠ് മേഖലയിലാണ് സംഭവങ്ങളുടെ തുടക്കം. അവിടെയുണ്ടായിരുന്ന ഒരു ടാക്സി ഡ്രൈവറെ സമീപിച്ച ഈ സംഘം ഇംഗ്ലീഷ്, ഹിന്ദി, മറാത്തി ഭാഷകളിലുള്ള ലഘുലേഖകൾ നൽകുകയും ക്രിസ്തുമത വിശ്വാസങ്ങളെക്കുറിച്ച് സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തു. സംശയം തോന്നിയ ടാക്സി ഡ്രൈവർ ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന പൊലീസുകാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇവരെ പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി പരിശോധിച്ചപ്പോഴാണ് ലഗേജുകളിൽ നിന്ന് വൻതോതിൽ മതപ്രചാരണ സാമഗ്രികൾ കണ്ടെടുത്തത്.
വിദേശികൾക്കായുള്ള രജിസ്ട്രേഷൻ ഓഫീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ ഇവർ വിസ ചട്ടങ്ങൾ ലംഘിച്ചതായി സ്ഥിരീകരിച്ചു. ടൂറിസ്റ്റ് വിസയിൽ എത്തുന്നവർ മതപ്രഭാഷണങ്ങളോ പ്രചാരണങ്ങളോ നടത്താൻ പാടില്ലെന്ന നിയമം ലംഘിച്ചതിനെത്തുടർന്നാണ് ഇമിഗ്രേഷൻ ആക്ട് പ്രകാരം ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. നിശ്ചിത സമയത്തിനകം രാജ്യം വിടാത്തപക്ഷം ഇവർക്കെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.


