ദില്ലി: ഡിസംബര്‍ 15ന് ജാമിയ മിലിയ സര്‍വ്വകലാശാല ലൈബ്രറിയില്‍ നടന്ന പൊലീസ് അതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി പൊലീസ് രംഗത്തെത്തി. പുറത്തുവന്ന ദൃശ്യങ്ങള്‍ ജാമിയ സംഭവം അന്വേഷിക്കുന്ന ക്രൈംബ്രാ‌ഞ്ച് സംഘത്തിന് കൈമാറും. ദൃശ്യങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ക്രൈംബ്രാഞ്ച് സ്പെഷ്യല്‍ കമ്മീഷണര്‍ പ്രവീര്‍ ര‍ഞ്ജന്‍ പ്രതികരിച്ചു. 

ലൈബ്രറിയ്ക്കകത്ത് വായിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇന്ന് പുറത്തുവന്നത്. ലാത്തിയുമായി ഓടിയക്കയറി വന്ന പൊലീസ് വിദ്യാര്‍ത്ഥികളെ തല്ലുകയും പുസ്തകങ്ങളും മറ്റും വലിച്ചെറിയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഓഠി രക്ഷപ്പെടാന്‍ ശ്രമിച്ചവരെ ക്രൂരമായി മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

Read Also: ജാമിയ മിലിയയിലെ പൊലീസ് അതിക്രമത്തിന്‍റെ വീഡിയോ പുറത്ത്; ദില്ലി പൊലീസ് പ്രതിരോധത്തിൽ

ജാമിയയിലെ പഴയ റീഡിംഗ് ഹാളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ജാമിയ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയെന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി പുറത്തുവന്നത്. പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ വിദ്യാര്‍ത്ഥികളെ ലൈബ്രറിയില്‍ കയറി പൊലീസ് മര്‍ദ്ദിച്ചില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദം ഇതോടെ പൊളിഞ്ഞിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. 

Read Also: 'അമിത് ഷായുടെ വാദം പൊളിഞ്ഞു', ജാമിയ ലൈബ്രറിയിലെ പൊലീസ് അതിക്രമത്തില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്