ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ചതിന് പിന്നിൽ പ്രതിയുടെ അമിതമായ മൃഗസ്നേഹമെന്ന് പൊലീസ്

ദില്ലി: ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ചതിന് പിന്നിൽ പ്രതിയുടെ അമിതമായ മൃഗസ്നേഹമാണെന്ന് പൊലീസ് നിഗമനം. ദില്ലിയിലെ തെരുവ് നായ്ക്കളെ കൂട്ടിലടയ്ക്കാൻ സുപ്രീം കോടതി ഉത്തരവിട്ടതാകാം പ്രതിയെ പ്രകോപിപ്പിച്ചത് എന്നാണ് നിഗമനം. കോടതി ഉത്തരവ് രാജേഷിന് മനോ വിഷമമുണ്ടാക്കിയിരുന്നതായി മാതാവ് മൊഴി നൽകിയിരുന്നു. പ്രതി രാജേഷ് കിംജി കള്ളക്കടത്ത്, വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി. അതിനിടെ ഔദ്യോഗിക വസതിയിൽ നടന്നത് ഗുരുതര സുരക്ഷ വീഴ്ചയെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. സംഭവം തടയുന്നതിലും പ്രതികരിക്കുന്നതിലും ദില്ലി പൊലീസിന് വീഴ്ച പറ്റിയതായും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് രേഖ ഗുപ്തക്ക് സെഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. സിആർപിഎഫിനാകും സുരക്ഷ ചുമതല. കോടതിയിൽ ഹാജരാക്കിയ പ്രതിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

YouTube video player