ത്രിപുരയിൽ ഓപ്പറേഷൻ താമരയെന്ന് സംശയം, നേതാക്കളുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പ്രദ്യുത് ദേവ് ബർമൻ
ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടിയും തിപ്ര മോതയും തമ്മിൽ ലയന ചർച്ചകൾ നടക്കുന്നതിനിടെയാണ് നീക്കം.

ദില്ലി : ത്രിപുരയിൽ ഓപ്പറേഷൻ താമരയെന്ന വെളിപ്പെടുത്തലുമായി തിപ്ര മോത പാർട്ടി നേതാവ് പ്രത്യുദ് ദേബ് ബർമൻ. ഐപിഎഫ്ടി നേതാക്കളുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പ്രത്യുദ് ദേബ് ബർമൻ പറഞ്ഞു. 11 മണി മുതൽ ഒരു നേതാവിനെയും ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ല. ഓപ്പറേഷൻ താമര തുടങ്ങിയതായി തോന്നുന്നുണ്ടെന്നും പ്രത്യുദ് വ്യക്തമാക്കി. ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടിയും തിപ്ര മോതയും തമ്മിൽ ലയന ചർച്ചകൾ നടക്കുന്നതിനിടെയാണ് നീക്കം. ത്രിപുരയിൽ 12 സീറ്റുകൾ ഒഴിച്ചിട്ടാണ് ഇന്ന് ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്
ബിജെപിയുമായി ചർച്ചയെന്ന റിപ്പോർട്ടുകൾ തള്ളി കഴിഞ്ഞ ദിവസം പ്രത്യുദ് രംഗത്തെത്തിയിരുന്നു. പ്രത്യേക സംസ്ഥാന പദവി വേണമെന്ന ആവശ്യത്തിനുള്ള പിന്തുണ എഴുതി നൽകാത്ത ആരുമായും സഖ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുമായി സഖ്യമെന്ന് പറയുന്ന നേതാവിനെ സസ്പെൻഡ് ചെയ്യുമെന്നും പ്രത്യുദ് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗ്രേറ്റർ തിപ്ര ലാൻഡ് വിഷയത്തിൽ തിപ്ര മോത പാർട്ടി നേതാക്കളെ ചർച്ചയ്ക്ക് ക്ഷണിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ത്രിപുര തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ, പ്രത്യേക സംസ്ഥാനമെന്ന നിലപാടിനെ ആര് പിന്തുണക്കുന്നുവോ അവരോടൊപ്പം നില്‍ക്കുമെന്ന് പ്രത്യുദ് ദേബ് ബർമൻ ദിവസങ്ങൾക്ക് മുമ്പ് പ്രതികരിച്ചിരുന്നു.