2011 മുതൽ പത്ത് വർഷക്കാലം പതിനൊന്ന് തെരഞ്ഞെടുപ്പുകളിൽ താൻ സഹകരിച്ചു. കോൺഗ്രസ് മാത്രമാണ് തോറ്റത്. അന്ന് മുതലേ കോൺഗ്രസുമായി സഹകരിക്കരുതെന്ന് തീരുമാനിച്ചിരുന്നുവെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
ദില്ലി: തൻ്റെ ട്രാക്ക് റെക്കോർഡ് നശിപ്പിച്ചത് കോൺഗ്രസെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. യുപി തെരഞ്ഞെടുപ്പിലെ കോൺഗ്രസിൻ്റെ തോൽവിയാണ് അതിനിടയാക്കിയത്. 2011 മുതൽ പത്ത് വർഷക്കാലം പതിനൊന്ന് തെരഞ്ഞെടുപ്പുകളിൽ താൻ സഹകരിച്ചു. കോൺഗ്രസ് മാത്രമാണ് തോറ്റത്. അന്ന് മുതലേ കോൺഗ്രസുമായി സഹകരിക്കരുതെന്ന് തീരുമാനിച്ചിരുന്നുവെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
തന്നേക്കാള്‍ മിടുക്കര്‍ കോണ്‍ഗ്രസ് പാർട്ടിയിലുണ്ടെന്ന് പ്രശാന്ത് കിഷോര്‍ നേരത്തെ പറഞ്ഞിരുന്നു. എന്ത് ചെയ്യണമെന്ന് അവര്‍ക്കറിയാമെന്നും തന്‍റെ ആവശ്യം കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി എങ്ങനെ പ്രവർത്തിക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കണമെന്നും തനിക്ക് പ്രധാനമെന്ന് തോന്നുന്ന തീരുമാനമാണ് താനെടുത്തതെന്നും കോൺഗ്രസ് ക്ഷണം നിരസിച്ച് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കിയിരുന്നു.
കോൺഗ്രസിലേക്കുള്ള ക്ഷണം നിരസിച്ച പ്രശാന്ത് കിഷോർ പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പിന്നാലെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം നീട്ടി വച്ചു. പാര്‍ട്ടി രൂപീകരിച്ചാലും തന്‍റെ നേതൃത്വത്തിലായിരിക്കില്ലെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. ബിഹാര്‍ തന്നെ തട്ടകമെന്ന് വ്യക്തമാക്കി സുസ്ഥിര ഭരണത്തിനായി ജന്‍സുരാജ് ക്യാമ്പയിന്‍ പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചു.
കോണ്‍ഗ്രസിന്‍റെ ക്ഷണം നിരസിച്ച് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ വാര്‍ത്തസമ്മേളനം നടത്തിയാണ് പ്രശാന്ത് കിഷോര്‍ നയം വ്യക്തമാക്കിയത്. ലാലുപ്രസാദ് യാദവും, നിതീഷ് കുമാറും ഭരിച്ചിട്ട് വികസനമെന്തെന്ന് ബിഹാര്‍ അറിഞ്ഞിട്ടില്ല. 90 ശതമാനം ബിഹാര്‍ ജനതയും മാറ്റം ആഗ്രഹിക്കുന്നു. ജനങ്ങള്‍ക്ക് വേണ്ടത് എന്തെന്നറിയാൻ ജന്‍സുരാജ് ക്യാമ്പയിനുമായി ഗ്രാമങ്ങളിലേക്ക് പുറപ്പെടുകയാണെന്ന് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി. ചമ്പാരനില്‍ നിന്ന് ഒക്ടോബർ 2 മുതല്‍ പദയാത്ര. മൂവായിരം കിലോമീറ്റര്‍ സഞ്ചരിച്ച് കാര്യങ്ങള്‍ മനസിലാക്കിയ ശേഷം പാര്‍ട്ടി രൂപീകരണ ചര്‍ച്ചകളിലേക്ക് കടക്കും. പാര്‍ട്ടി രൂപീകരിച്ചാലും തന്‍റെ പേരിലായിരിക്കില്ലെന്നും, പാര്‍ട്ടി രൂപീകരിക്കുന്നവരുമായി സഹകരിച്ച് പോകുമെന്നും പ്രശാന്ത് കിഷോര്‍ അറിയിച്ചു.
ബിഹാര്‍ തന്നെ തട്ടകമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവിടം കേന്ദ്രീകരിച്ചാകും പ്രശാന്ത് കിഷോറിന്‍റെ ഭാവി നീക്കങ്ങള്‍. 2025ലെ ഇനി ബിഹാറില്‍ തെരഞ്ഞെടുപ്പ് ഉള്ളൂ എന്നതിനാലാണ് അടിത്തറയൊരുക്കി സാവധാനത്തിലുള്ള മുന്നേറ്റം. വരുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഫലവും പ്രശാന്ത് കിഷോറിന്‍റെ ഭാവി നീക്കത്തെ സ്വാധീനിക്കും.
