ബിഹാറിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ റെക്കോർഡ് പോളിംഗ് വലിയ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണെന്ന് ജൻസുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോർ. നവംബർ 14 മുതൽ സംസ്ഥാന രാഷ്ട്രീയം മാറുമെന്ന് അദ്ദേഹം പ്രവചിച്ചു

പാറ്റ്ന: ബീഹാറിൽ വലിയ രാഷ്ട്രീയ മാറ്റം ഉടൻ സംഭവിക്കുമെന്ന് ജൻസുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോർ. ബിഹാറിലെ കനത്ത പോളിംഗ് ബിഹാർ രാഷ്ട്രീയം മാറുമെന്നതിൻ്റെ കൃത്യമായ തെളിവാണ്. നവംബർ 14 മുതൽ ബിഹാറിൻ്റെ രാഷ്ട്രീയം മാറുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. ആദ്യ ഘട്ട വോട്ടെടുപ്പിലെ ഉയർന്ന പോളിങ് സംസ്ഥാനത്തെ ജനങ്ങളിൽ ഉണ്ടായ ഭരണ വിരുദ്ധ വികാരത്തിൻ്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബിഹാറിലെ ആദ്യഘട്ട വോട്ടെടുപ്പിന് പിന്നാലെ ഇന്ത്യ സഖ്യവും എൻഡിഎയും വൻ വിജയം നേടുമെന്ന അവകാശവാദങ്ങളുമായി രംഗത്തെത്തി. ഭരണ മാറ്റത്തിന്റെ സൂചനയാണ് റെക്കോർഡ് പോളിംഗെന്ന് ഇന്ത്യ സഖ്യത്തിൻറെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് പറഞ്ഞു. ആദ്യഘട്ടത്തിൽ വൻ ലീഡ് എൻഡിഎക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അവകാശപ്പെട്ടു. രണ്ടാം ഘട്ടത്തിൽ ഇതിലും ശക്തമായ തരംഗം കാണാമെന്നും മോദി കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കനുസരിച്ച് 64.69 ശതമാനം വോട്ടാണ് ബിഹാറിൽ ആദ്യ ഘട്ടത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പോളിങാണിത്. ബീഹാറിൽ വൻ രാഷ്ട്രീയ മാറ്റത്തിന്‍റെ സൂചന ശക്തമാക്കുന്നതാണ് വോട്ടെടുപ്പിലെ വർധന.