Asianet News MalayalamAsianet News Malayalam

റബ്ബർ സ്റ്റാംപ് പ്രസിഡന്‍റിനെയല്ല രാജ്യത്തിനാവശ്യം; 'നോ' പറയാൻ തനിക്ക് ധൈര്യമുണ്ടെന്നും യശ്വന്ത് സിന്‍ഹ

സ്വത്വങ്ങൾ തമ്മിലല്ല ആശയങ്ങൾ തമ്മിലാണ് മത്സരം . ഭരിക്കുന്നവരോട് നോ പറയാൻ ധൈര്യമുള്ള പ്രസിഡൻറിനെയാണ് വേണ്ടത്. ആ ധൈര്യം തനിക്കുണ്ടെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.

president candidate yashwant sinha against central government
Author
Thiruvananthapuram, First Published Jun 29, 2022, 5:09 PM IST

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ. ജനക്ഷേമമല്ല, എങ്ങനെയും തെരഞ്ഞെടുപ്പ് ജയിച്ച് ഭരണത്തിൽ തുടരാനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്ന് യശ്വന്ത് സിന്‍ഹ അഭിപ്രായപ്പെട്ടു. 

അവരുടെ ആശയങ്ങൾ രാജ്യത്തിന് ആപത്താണ്. ജനാധിപത്യം നിലനിൽക്കണമെങ്കിൽ ഇതിനെതിരെ പോരാടണം. റബ്ബർ സ്റ്റാംപ് പ്രസിഡന്‍റിനെയും നിശബ്ദനായ പ്രസിഡന്‍റിനെയും അല്ല രാജ്യത്തിന് ആവശ്യം. സ്വത്വങ്ങൾ തമ്മിലല്ല ആശയങ്ങൾ തമ്മിലാണ് മത്സരം . ഭരിക്കുന്നവരോട് നോ പറയാൻ ധൈര്യമുള്ള പ്രസിഡൻറിനെയാണ് വേണ്ടത്. ആ ധൈര്യം തനിക്കുണ്ടെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. യുഡിഎഫ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  നേരത്തെ എൽഡിഎഫ് എംപിമാരും എംഎൽഎമാരുമായും യശ്വന്ത് സിന്‍ഹ സംസാരിച്ചിരുന്നു. 

യശ്വന്ത് സിൻഹ ഇന്ത്യയുടെ രാഷ്‌ട്രപതി ആകാനായി സാധ്യമായ എല്ലാ പ്രവർത്തനവും ഇടതുപക്ഷം നടത്തുമെന്നും ഇത് സംബന്ധിച്ച വിവാദങ്ങൾ അനാവശ്യം  ആണെന്നും മന്ത്രി പി രാജീവ് പ്രതികരിച്ചു. ഭിന്നിപ്പ് ഉണ്ടാക്കുന്ന ചെറിയ പ്രതികരണങ്ങൾ ബിജെപിയെ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ രാത്രിയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിനായുള്ള പ്രചാരണം തുടങ്ങാനായി യശ്വന്ത് സിൻഹ തിരുവനന്തപുരത്ത് എത്തിയത്. നൂറ് ശതമാനം വോട്ട് കിട്ടുന്ന കേരളത്തിൽ പ്രചാരണത്തിന് ഗംഭീര തുടക്കം കുറിക്കാനാകുമെന്നാണ് ഇന്നലെ അദ്ദേഹം പ്രതികരിച്ചത്. ഒരു ദിവസത്തെ പ്രചാരണത്തിന് ശേഷം നാളെ രാവിലെ  ചെന്നൈയിലേക്ക് പുറപ്പെടും.
 
കോണ്‍ഗ്രസ്, ടിഎംസി, സമാജ് വാദി പാര്‍ട്ടി, ശിവസേന, ഇടത് പാര്‍ട്ടികളടക്കം 12 കക്ഷികള്‍ യശ്വന്ത് സിന്‍ഹയ്ക്ക്  പിന്തുണയറിയിച്ചിട്ടുണ്ട്. എന്നാല്‍  ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ല. ഝാര്‍ഖണ്ഡിന് പുറമെ ഒഡീഷയിലും സ്വാധീനമുള്ള പാര്‍ട്ടിയുടെ വോട്ട് ബാങ്കുകളിലൊന്ന്  സാന്താള്‍ ഗോത്ര വര്‍ഗമാണ്. ഭരണപക്ഷത്തിന്‍റെ  രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മ്മു സാന്താള്‍ ഗോത്ര വിഭാഗത്തെ പ്രതിനിധീകരിക്കുന്നത് ജെഎംഎമ്മിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ഖനന ഇടപാടുകളുമായി ബന്ധപ്പെട്ട്  മുഖ്യമന്ത്രി ഹോമന്ത് സോറനെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നോട്ടമിട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും ജെഎംഎമ്മിനെ പിന്നോട്ടടിക്കുന്നു. 

ജൂലൈ 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂലൈ 21ന് ആണ്. 4809 പേർക്കാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിയുക. 776 എംപിമാരും 4033 എംഎൽഎമാരും ആണിത്. ആകെ വോട്ടു മൂല്യം 10,86,431  ആണ്. വോട്ടെടുപ്പ് പാർലമെൻറ് മന്ദിരത്തിലും നിയമസഭകളിലും നടക്കും. വോട്ടെണ്ണൽ ദില്ലിയിലായിരിക്കും. വോട്ടെടുപ്പിന് ശേഷം ബാലറ്റു പെട്ടികൾ വിമാനമാർഗ്ഗം ദില്ലിയിൽ എത്തിക്കും. രാജ്യസഭ സെക്രട്ടറി ജനറൽ പി സി മോദിയാണ് വരണാധികാരി.

Read Also: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: വോട്ടെടുപ്പ് ആഗസ്റ്റ് ആറിന്

Follow Us:
Download App:
  • android
  • ios