യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിന്‍റെ ഉള്‍പ്പടെയുള്ള കൊലപാതകത്തോടെ സംസ്ഥാന സർക്കാരിനെതിരെ ബിജെപി അണികളിൽ അമർഷം പുകയുകയാണ്.  

മംഗളൂരു: മംഗളൂരു ഫാസില്‍ വധക്കേസില്‍ പ്രധാന പ്രതികളിലൊരാള്‍ അറസ്റ്റില്‍. കൊലപാതകസംഘം എത്തിയ കാറോടിച്ച മംഗളൂരു സ്വദേശിയാണ് പിടിയിലായത്. യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് ഉടന്‍ എന്‍ഐഎയ്ക്ക് കൈമാറും. മംഗളൂരുവില്‍ അതീവ ജാഗ്രത തുടരുകയാണ്.

വെളുത്ത ഹ്യുണ്ടായ് കാറില്‍ മുഖം മൂടി ധരിച്ചെത്തിയ നാലംഗ സംഘമാണ് ഫാസിലിനെ വെട്ടിക്കൊന്നത്. ഈ കാര്‍ ഓടിച്ചിരുന്ന മംഗ്ലൂരു സ്വദേശി അജിത്ത് ഡിസൂസയാണ് അറസ്റ്റിലായത്. ആസൂത്രിതമായ കൊലപാതകമെന്നാണ് പൊലീസ് നിഗമനം. പ്രതികള്‍ക്ക് സഹായം നല്‍കി അഞ്ച് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സംഘപരിവാര്‍ യുവജനസംഘടനാ പ്രവര്‍ത്തകരായ 21 പേര്‍ കസ്റ്റിഡിയിലുണ്ട്. 

പ്രാദേശിക പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായി അടുപ്പമുണ്ടായിരുന്നയാളാണ് കൊല്ലപ്പെട്ട ഫാസില്‍. യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകത്തിലെ പ്രതികാരമെന്നാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ പ്രതികളുടെ കേരളാ ബന്ധം പൊലീസ് പരിശോധിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ് പ്രതികള്‍. 

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ക്രമസമാധാന ചുമതലയുള്ള എഡിജിപി അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മംഗ്ലൂരുവില്‍ ക്യാമ്പ് ചെയ്യുകയാണ്. കമ്മീഷ്ണര്‍ വിളിച്ച സമാധാന യോഗം മുസ്ലീം സംഘടനകള്‍ ബഹിഷ്കരിച്ചിരുന്നു. യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ വീട്ടിലെത്തിയ മുഖ്യമന്ത്രി ഫാസിലിന്‍റെ കുടുംബത്തെ അവഗണിച്ചുവെന്ന് പരാതിപ്പെട്ടായിരുന്നു ഇത്. വിഎച്ച്പി ബജറംഗ്ദള്‍ സംഘടനകളും യോഗത്തില്‍ നിന്നും വിട്ടുനിന്നിരുന്നു. ഇതിനിടെ പോപ്പുലര്‍ ഫ്രണ്ട് , എസ്ഡിപിഐ സംഘടനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധവും തുടരുകയാണ്.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം; കര്‍ണാടക ആഭ്യന്തര മന്ത്രിയുടെ വീട്ടിലേക്ക് ഇരച്ചെത്തി എബിവിപി പ്രവര്‍ത്തകര്‍

ബംഗളൂരു: പോപ്പുലർ ഫ്രണ്ട്, എസ്‍ഡിപിഐ സംഘടനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ആഭ്യന്തര മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി എബിവിപി. ഗേയ്റ്റ് ചാടികടന്ന് പ്രവർത്തകർ പ്രതിഷേധിച്ചു. ആഭ്യന്തര മന്ത്രിയുടെ വീട്ടുമുറ്റത്ത് പ്രതിഷേധിച്ച വനിതാ പ്രവർത്തകയെ അടക്കം പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. നാല്‍പ്പതോളം എബിവിപി പ്രവര്‍ത്തകരാണ് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ വീട്ടിലേക്ക് ഇരച്ചെത്തിയത്.

ഇന്നലെ രാവിലെയായിരുന്നു സംഭവം. ഈ സമയം മന്ത്രി ശിവമോഗയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. മന്ത്രിയുടെ സ്റ്റാഫുകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഒരു വനിത പ്രവര്‍ത്തകയടക്കം മുപ്പത് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിന്‍റെ ഉള്‍പ്പടെയുള്ള കൊലപാതകത്തോടെ സംസ്ഥാന സർക്കാരിനെതിരെ ബിജെപി അണികളിൽ അമർഷം പുകയുകയാണ്.

യുവമോർച്ചയും കർണാടകയിൽ വിവിധയിടങ്ങളിൽ പ്രതിഷേധവുമായി തെരുവിലിറങ്ങി. അതേസമയം, മംഗ്ലൂരു സൂറത്കലിലെ ഫാസിൽ കൊലക്കേസിൽ പ്രധാന പ്രതികളിൽ ഒരാൾ അറസ്റ്റിലായി. മംഗ്ലൂരു സ്വദേശി അജിത്ത് ഡിസോസയാണ് അറസ്റ്റിലായത്. കൊലപാതക സംഘമെത്തിയ കാർ ഓടിച്ചിരുന്നത് അജിത്താണെന്നാണ് പൊലീസ് കണ്ടെത്തൽ. കൊലയാളി സംഘത്തിന് സഹായം നൽകിയതും ഇയാളാണ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.