Asianet News MalayalamAsianet News Malayalam

PM Modi| പ്രധാനമന്ത്രി കേദാര്‍നാഥില്‍; പുനര്‍നിര്‍മ്മിച്ച ശങ്കരാചാര്യ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ചു

ഉത്തരാഖണ്ഡിന്‍റെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 130 കോടിയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി പ്രഖ്യാപിക്കും. കേദാർനാഥ് ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി മഹാരുദ്ര അഭിഷേകം നടത്തി പ്രാര്‍ത്ഥിച്ചു. 

Prime minister Narendra Modi visited Kedarnath  inaugurated sculpture of Adi Shankaracharya
Author
Dehradun, First Published Nov 5, 2021, 10:02 AM IST

ഡെറാഡൂണ്‍: കേദാര്‍നാഥിലെ പുനര്‍നിര്‍മ്മിച്ച ആദി ശങ്കരാചാര്യരുടെ (Adi Shankaracharya) സമാധിയും പ്രതിമയും പ്രധാനമന്ത്രി നരേന്ദ്ര മോദി (narendra modi) ഉദ്ഘാടനം ചെയ്തു. കേദാർനാഥ് ക്ഷേത്രത്തിൽ രുദ്രാഭിഷേകം നടത്തിയ ശേഷമാണ് ശങ്കരാചാര്യരുടെ പ്രതിമ മോദി അനാച്ഛാദനം ചെയ്തത്. കൃഷ്ണശിലയില്‍ തീര്‍ത്തതാണ് ശങ്കരാചാര്യരുടെ പുതിയ പ്രതിമ. 2013ലെ പ്രളയത്തിൽ തകർന്ന ശങ്കരാചാര്യ സമാധി സ്ഥലം പുനർനിർമ്മിച്ചത് ഉദ്ഘാടനം ചെയ്ത മോദി 130 കോടി രൂപയുടെ വികസന പദ്ധതികൾക്കും തുടക്കമിട്ടു.  ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാനമന്ത്രിയുടെ കേദാർനാഥ് സന്ദർശനം.

കേദാര്‍നാഥിലെ വികസനം ശങ്കരാചാര്യയുടെ കൃപയുടെ ഫലമാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. അസാധാരണ ജീവിതമായിരുന്നു ശങ്കരാചാര്യരുടേത്. സാധാരണക്കാരുടെ ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം. കേദാര്‍നാദിലെ  സന്ദര്‍ശനം വിവരണാതീതമാണ്. രാജ്യത്തിന്‍റെ ആത്മീയ സമ്പന്നതയാണ് കേദാര്‍നാഥ്. ജീവിതത്തെ പൂര്‍ണ്ണതയില്‍ കാണുന്നതാണ് ഭാരതീയ ദര്‍ശനം. ഭാരതീയ ദര്‍ശനം മാനവീയ സേവനത്തെക്കുറിച്ച് പറയുന്നു. ഇത് ലോകത്തെ അറിയിക്കാനാണ് ശങ്കരാചാര്യര്‍ പ്രവര്‍ത്തിച്ചത്. പുതിയ ഇന്ത്യ ശങ്കരാചാര്യരുടെ തത്വങ്ങളെ അടിസ്ഥാനമാക്കുകയാണ്. അദ്വൈത സന്ദേശം ഓർക്കാനുള്ള അവസരമാണിത്. അയോധ്യയില്‍ ക്ഷേത്രനിര്‍മ്മാണ  പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അയോധ്യയ്ക്ക് അതിന്‍റെ പ്രൌഡി തിരിച്ചുകിട്ടുന്നു. വാരണാസിയിലും വലിയ മാറ്റങ്ങള്‍ വരികയാണെന്നും മോദി പറഞ്ഞു.

ധാമിലെ വികസനപ്രവര്‍ത്തനങ്ങള്‍ തുടരുന്ന എല്ലാ പ്രവര്‍ത്തകര്‍ക്കും സന്ന്യാസിമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. 21-ാം നൂറ്റാണ്ടിന്‍റെ മൂന്നാം ദശകം ഉത്തരാഖണ്ഡിന്‍റേതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചാര്‍ധാം ഹൈവേകളുമായി ബന്ധിപ്പിക്കുന്ന ചാര്‍ധാം റോഡ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. ഭാവിയില്‍ കേബിള്‍കാര്‍ വഴി ഭക്തര്‍ക്ക് കേദാര്‍നാഥിലേക്ക് എത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പാവനമായ ഹേമകുണ്ഡ് സാഹിബ് ജിയും സമീപത്തുണ്ട്. ഹേമകുണ്ഡ് സാഹിബ് ജിയിലെ ദര്‍ശനം സുഗമമാക്കാന്‍ റോപ്പ് വേ നിര്‍മ്മിക്കാനുള്ള ജോലികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 #Uttarakhand: PM @narendramodi offers prayers at #Kedarnath Temple

Tune into DD News to catch the latest on - PM Modi's Kedarnath visit: https://t.co/2v6hTvsZW8@PMOIndia pic.twitter.com/EiVkfbHJFs

കേദാർനാഥിൽ ശങ്കരാചാര്യരുടെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തപ്പോൾ ജന്മസ്ഥലമായ കാലടിയിലും ചടങ്ങുകൾ നടന്നു. ആദി ശങ്കരാചാര്യ ജന്മഭൂമി ക്ഷേത്രത്തിൽ നടന്ന മഹാസമ്മേളനം കേന്ദ്ര സാംസ്‍കാരിക മന്ത്രി കിഷൻ റെഡ്ഡി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെപ്പം ശ്രീ ശങ്കരാചാര്യ ജന്മക്ഷേത്രത്തിൽ സന്ദർശനം നടത്തിയശേഷം ആയിരുന്നു ചടങ്ങുകൾ. ഭാരതത്തിലെ ആദ്യ സംസ്കാരിക പരിഷ്കർത്താവ് ശ്രീ ശങ്കരാചാര്യൻ ആണെന്ന് മന്ത്രി കിഷൻ റെഡ്ഡി പറഞ്ഞു. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം പ്രധാനമന്ത്രിയുടെ കേദാർനാഥിലെ പരിപാടി പ്രത്യേകം തയ്യാറാക്കിയ സ്ക്രീനിൽ കാണാൻ സൗകര്യം ഒരുക്കിയിരുന്നു. ആയിരത്തിലധികം ആളുകളാണ് മഹാ സമ്മേളനത്തിനായ് കാലടിയിൽ എത്തിയത്. കാലടിയിലെ ആഘോഷ പരിപാടികൾ വൈകിട്ട് വരെ   നീണ്ടുനിൽക്കും

സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി  കേദാര്‍നാഥിലെത്തിയത്. ജൗറിയിലെ നൗഷേര സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപം നിലയുറപ്പിച്ച സായുധ സേനാംഗങ്ങള്‍ക്കൊപ്പമായിരുന്നു പ്രധാനമന്ത്രി ഇന്നലെ ദീപാവലി ആഘോഷിച്ചത്.  ജവാന്മാർക്ക് മധുരപലഹാരങ്ങളും പ്രധാനമന്ത്രി വിതരണം ചെയ്തു. 130 കോടി ഇന്ത്യക്കാരുടെ ആശംസകളുമായാണ് ഞാന്‍ നിങ്ങളെ കാണാനെത്തിയിരിക്കുന്നതെന്നായിരുന്നു മോദി സൈനികരോട് പറഞ്ഞത്. ബ്രിഗേഡിയര്‍ ഉസ്മാന്‍, നായിക് ജദുനാഥ് സിംഗ്, ലഫ്റ്റനന്റ് ആര്‍ ആര്‍ റാണെ എന്നീ ധീരസൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. 

പ്രതിരോധ അക്കാദമിയിലെ വനിതാ പ്രവേശനം, സൈന്യത്തിന്റെ ആധുനികവൽക്കരണം, ആത്മനിർഭയ ഭാരത് പദ്ധതിയടക്കം വിഷയങ്ങൾ സൈനികരെ അഭിസംബോധന ചെയ്യവേ മോദി പരാമർശിച്ചു. യുദ്ധടാങ്കുകളും ആയുധങ്ങളും രാജ്യം സ്വന്തമായി നിർമ്മിച്ചു. സൈനികസേവനത്തിന് വനിതകൾക്കും അവസരം ലഭിക്കുകയാണ്. സൈന്യത്തിൽ ചേരുന്നത് ഒരു ജോലിയല്ല അത് രാജ്യസേവനമാണെന്നും മോദി ഓർമ്മിപ്പിച്ചു. പ്രധാനമന്ത്രിയായി അധികാരമേറ്റത് മുതൽ നരേന്ദ്ര മോദി സൈനികർക്കൊപ്പമാണ് ദീപാവലി ആഘോഷിക്കുന്നത്.

Follow Us:
Download App:
  • android
  • ios