കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യത്തെ വിവിധ എയിംസ് ആശുപത്രികളിൽ നിന്ന് 429 ഡോക്ടർമാർ രാജിവെച്ചു. ദില്ലി എയിംസിൽ മാത്രം 52 ഡോക്ടർമാരാണ് രാജിവെച്ചത്. ഉയർന്ന ശമ്പളവും നേതൃത്വത്തിന്റെ അഭാവവുമാണ് രാജിക്ക് കാരണം.

ദില്ലി: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യത്തെ വിവിധ എയിംസ് ആശുപത്രികളിൽ നിന്ന് 429 ഡോക്ടർമാർ രാജിവെച്ച് സ്വകാര്യമേഖലയിൽ ജോലിക്ക് ചേർന്നതായി കണക്കുകൾ. കൂട്ടരാജി ഏറ്റവും കൂടുതലുണ്ടായത് ദില്ലി എയിംസിലാണ് (52). ഒരു കാലത്ത് മികച്ച ഡോക്ടർമാർക്ക് ജോലി ചെയ്യാനായി തിരഞ്ഞെടുക്കുന്ന സ്ഥലമായിരുന്ന ദില്ലി എയിംസിൽ നിന്ന് ഇത്രയധികം ആളുകൾ ഒഴിഞ്ഞുപോയത് ആശങ്കയുണ്ടാക്കുന്നു.

ദില്ലി എയിംസിൽ മാത്രമല്ല, മറ്റ് എയിംസുകളിലും സമാനമായ സ്ഥിതിയാണ്. റിഷികേഷ് എയിംസിൽ നിന്ന് 38 ഡോക്ടർമാരും, റായ്പൂരിൽ നിന്ന് 35 പേരും, ബിലാസ്പൂരിൽ നിന്ന് 32 പേരും, മംഗലഗിരിയിൽ നിന്ന് 30 പേരും, ഭോപ്പാലിൽ നിന്ന് 27 പേരും രാജിവെച്ചു. ദില്ലി എയിംസിലെ ആയിരത്തിലധികം വരുന്ന ഡോക്ടർമാരിൽ നിന്ന് ഉന്നത സ്ഥാനങ്ങളിൽ നിന്നുള്ളവരാണ് രാജിവെച്ചവരിൽ ഏറെയും. 

ഡിപ്പാർട്ട്മെൻ്റ് മേധാവികൾ, സെൻ്റർ ചീഫുകൾ, സീനിയർ പ്രൊഫസർമാർ എന്നിവരാണ് രാജിവെച്ചവരിൽ അധികവും. മുൻ എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ ഉൾപ്പെടെ നിരവധി പ്രമുഖ ഡോക്ടർമാർ രാജിവെച്ചവരിൽ ഉൾപ്പെടുന്നു. ഡോ. ഗുലേറിയ ഇപ്പോൾ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ജോലി ചെയ്യുകയാണ്. കാർഡിയോളജി വിഭാഗം മുൻ മേധാവി ഡോ. ശിവ് ചൗധരി ഫോർട്ടിസ് എസ്കോർട്ടിലും, ന്യൂറോസർജറി മുൻ മേധാവി ഡോ. ശശാങ്ക് ശരദ് കാലെ അപ്പോളോയിലും ചേർന്നു.

ഇഎൻടി വിഭാഗം മുൻ മേധാവി ഡോ. അലോക് തക്കർ, നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെയും ഇൻസ്റ്റിറ്റ്യൂട്ട് റോട്ടറി കാൻസർ ഹോസ്പിറ്റലിലെയും മുൻ പ്രൊഫസർ ഡോ. സുഷമ ഭട്നാഗർ, ന്യൂറോളജി വിഭാഗം മുൻ മേധാവി ഡോ. പത്മ ശ്രീവാസ്തവ, ഓർത്തോപീഡിക്സ് വിഭാഗം മുൻ മേധാവി ഡോ. രാജേഷ് മൽഹോത്ര തുടങ്ങിയ പ്രമുഖരും രാജിവെച്ചവരിൽ ഉൾപ്പെടുന്നു. ഇവരിൽ ഭൂരിഭാഗം പേരും മൂന്ന് പതിറ്റാണ്ടിലേറെയായി എയിംസിൽ സേവനമനുഷ്ഠിച്ചവരാണ്. എയിംസിലെ ഒരു സീനിയർ ഡോക്ടർക്ക് പ്രതിമാസം 2-2.5 ലക്ഷം രൂപ വരെയാണ് ശമ്പളം. സ്വകാര്യ ആശുപത്രികളിൽ ഇത് 4-10 ഇരട്ടി വരെ കൂടുതലാണ്. സാമ്പത്തികനേട്ടം മാത്രമല്ല, നേതൃത്വത്തിൻ്റെ അഭാവവും രാജിക്ക് കാരണമായെന്ന് ഒരു മുൻ മേധാവി ഇന്ത്യാ ടുഡേയോട് പറഞ്ഞു.

"പണമായിരുന്നെങ്കിൽ ഞാൻ വർഷങ്ങൾക്ക് മുൻപ് തന്നെ ഈ തീരുമാനം എടുക്കുമായിരുന്നു. ഡയറക്ടർ (ഡൽഹി എയിംസ്) ഇവിടെ അവിശ്വാസത്തിൻ്റെയും കഴിവില്ലായ്മയുടെയും അന്തരീക്ഷം സൃഷ്ടിച്ചു. മുൻകാലങ്ങളിൽ അങ്ങനെയൊന്നുമായിരുന്നില്ല. ഡയറക്ടറെ വലിയ ബഹുമാനത്തോടെയാണ് എല്ലാവരും കണ്ടിരുന്നത്," അദ്ദേഹം പറഞ്ഞു. കുറഞ്ഞ ചെലവിൽ ചികിത്സ തേടി എല്ലാ ദിവസവും ആയിരക്കണക്കിന് രോഗികളാണ് ഡൽഹി എയിംസിൽ എത്തുന്നത്. നീണ്ട ജോലി സമയം, ഒപിഡി അപ്പോയിൻ്റ്മെൻ്റുകൾക്കുള്ള കാലതാമസം, ശസ്ത്രക്രിയകൾക്കായുള്ള കാത്തിരിപ്പ് എന്നിവ ഇവിടെ സാധാരണമാണ്.

ഒഴിഞ്ഞുകിടക്കുന്ന ഉയർന്ന തസ്തികകൾ

ഈ കൂട്ടരാജി ഉയർന്ന തസ്തികകളിൽ വലിയ ഒഴിവുകൾ സൃഷ്ടിച്ചു. ഇത് ഡൽഹി എയിംസ് പോലുള്ള പ്രശസ്തമായ ഒരു സ്ഥാപനത്തിൻ്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു. "യുവ ഡോക്ടർമാർക്ക് എയിംസ് ഇപ്പോഴും മികച്ച സ്ഥാപനമാണെന്ന് ഞാൻ വിശ്വസിക്കുന്നു. രോഗികൾ എപ്പോഴും എയിംസിൽ വരും, പക്ഷേ അവർക്ക് പരിചയസമ്പന്നരായ ഡോക്ടർമാരെ ലഭിക്കില്ല," മറ്റൊരു മുൻ വകുപ്പ് മേധാവി പറഞ്ഞു. 25 വർഷം സേവനം ചെയ്തിട്ടും വേണ്ടത്ര അംഗീകാരം ലഭിക്കാത്തതും സ്ഥാപനത്തിലെ രാഷ്ട്രീയവുമാണ് എനിക്ക് കടുത്ത നിരാശയുണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 2-3 വർഷമായി നിരവധി ഒഴിവുകൾ നികത്താത്തത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നുണ്ട്. ദില്ലി എയിംസിൽ മാത്രം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 1,191 ഫാക്കൽറ്റി തസ്തികകൾക്ക് അനുമതി നൽകി. ഇതിൽ 827 എണ്ണം നികത്തി, 364 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. 2023-24 വർഷത്തിൽ 1,207 തസ്തികകൾക്ക് അനുമതി നൽകിയപ്പോൾ 850 എണ്ണം നികത്തി, 357 എണ്ണം ഒഴിഞ്ഞു കിടന്നു. 2024-25ൽ 1,235 തസ്തികകളിൽ 803 എണ്ണം നികത്തി, 432 എണ്ണം ഒഴിഞ്ഞു കിടന്നു. 2025-26ൽ 1,306 തസ്തികകൾക്ക് അനുമതി നൽകിയതിൽ 844 എണ്ണം നികത്തിയപ്പോൾ 462 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. പാർലമെൻ്റിലെ മറുപടിയിലാണ് ഈ കണക്കുകൾ വ്യക്തമാക്കിയത്.