ലഖ്നൗ: ഉത്തർപ്രദേശിലെ യോ​ഗി ആദിത്യനാഥ് സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. സംസ്ഥാനത്തെ സ്കൂളുകളോടും വിദ്യാർത്ഥികളോടും സർക്കാർ കാണിക്കുന്നത് അനാസ്ഥയാണെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു. സ്കൂൾ ഉച്ചഭക്ഷണത്തിലെ ​ഗുണനിലവാരമില്ലായ്മയെ പറ്റി സംസാരിക്കുകയായിരുന്നു പ്രിയങ്ക.

'ഗുണനിലവാരമില്ലാത്ത ഉച്ചഭക്ഷണമാണ് സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ കൊടുക്കുന്നതെന്ന വാർത്തകൾ സ്ഥിരമായി പുറത്തുവരുന്നുണ്ട്. കുട്ടികൾക്ക് പോഷകാഹാരം ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. എന്നാൽ യുപി സർക്കാർ സ്കൂളുകളോടും വിദ്യാർത്ഥികളോടും അനാസ്ഥയാണ് കാണിക്കുന്നത്'- പ്രിയങ്ക ​ഗാന്ധി ട്വീറ്റ് ചെയ്തു. ​

കുട്ടികൾക്ക് ​ഗുണനിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നത് തുടരുകയാണെന്നും പ്രിയങ്ക ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. ഗുണനിലവാരമില്ലാത്ത ഭക്ഷണം വിദ്യാർത്ഥികൾക്ക് നൽകുന്ന ഏതാനും ചിത്രങ്ങളും പ്രിയങ്ക ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച മുസാഫര്‍നഗറിലെ സ്കൂളിൽ വിളമ്പിയ ഉച്ചഭക്ഷണത്തില്‍ നിന്നും ചത്ത എലിയെ കണ്ടെത്തിയിരുന്നു. ഭക്ഷണം കഴിച്ച നിരവധി കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഉച്ചഭക്ഷണ വിതരണം നിര്‍ത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് എലിയെ കണ്ടെത്തിയത്. 


Read Also: ഉത്തര്‍പ്രദേശില്‍ സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത എലി